ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ വിന്‍ഡീസിനെ ബോളിങ്ങിന് അയയ്‌ക്കുകയായിരുന്നു. മലയാളി താരം സഞ്‌ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
ആദ്യം ബാറ്റ് ചെയ്‌ത് നല്ല സ്‌കോര്‍ കണ്ടെത്താനാണ് ശ്രമം നടത്തുന്നതെന്ന് ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ വലിയ പിഴവുണ്ടായിട്ടില്ല. അതേക്കുറിച്ച് സംസാരിച്ചിരുന്നു.
ഇനി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും മുന്നോട്ട് പോകാനുമാണ് ശ്രദ്ധ. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും ഒരുമാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നതെന്നും ഹാര്‍ദിക് അറിയിച്ചു. കുല്‍ദീപ് യാദവ് പുറത്തായപ്പോള്‍ രവി ബിഷ്‌ണോയ് ആണ് പ്ലേയിങ് ഇലവനില്‍ എത്തിയത്. ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങളില്ലാതെയാണ് വിന്‍ഡീസ് കളിക്കുന്നതെന്ന് നായകന്‍ റോവ്‌മാന്‍ പവല്‍ വ്യക്തമാക്കി.
ഇന്ത്യ (പ്ലേയിങ് ഇലവൻ): ഇഷാൻ കിഷൻ(ഡബ്ല്യു), ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ(സി), സഞ്ജു സാംസൺ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, രവി ബിഷ്‌ണോയ്.
വെസ്റ്റ് ഇൻഡീസ് (പ്ലേയിങ് ഇലവൻ): ബ്രാൻഡൻ കിങ്, കെയ്ൽ മെയേഴ്‌സ്, ജോൺസൺ ചാൾസ്, നിക്കോളാസ് പുരൻ(ഡബ്ല്യു), റോവ്‌മാൻ പവൽ(സി), ഷിമ്രോൺ ഹെറ്റ്‌മെയർ, റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബേദ് മക്കോയ്.
മത്സരം കാണാന്‍: വെസ്റ്റ് ഇന്‍ഡീസ് vs ഇന്ത്യ രണ്ടാം ടി20 ടിവിയില്‍ ഡിഡി സ്‌പോര്‍ട്‌സ് (DD Sports) ചാനലിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. ഫാന്‍കോഡ് (FanCode), ജിയോ സിനിമ (JioCinema) ആപ്ലിക്കേഷനിലൂടെ വെബ്‌സൈറ്റിലൂടെയും മത്സരം ലൈവായി കാണാം.
ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയെങ്കിലും ബാറ്റിങ് നിര പരാജയപ്പെടുത്തിയതാണ് ടീമിന് തിരിച്ചടിയായത്. അരങ്ങേറ്റക്കാരന്‍ തിലക് വര്‍മ ഒഴികെ മറ്റ് താരങ്ങള്‍ക്ക് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ താരമായ സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അണിനിരക്കുന്ന ബാറ്റിങ് നിരയില്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷയുണ്ട്.
ആദ്യ മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സായിരുന്നു കണ്ടെത്തിയിരുന്നത്. മറുപടിയ്‌ക്കിറങ്ങിയ ഇന്ത്യയ്‌ക്കാവട്ടെ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. വിജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ വിന്‍ഡീസ് മുന്നിലെത്തിയിരുന്നു. ഇതോടെ പരമ്പരയിലേക്ക് തിരിച്ചെത്തുന്നതിന് ഗയാനയിലെ വിജയം സന്ദര്‍ശകര്‍ക്ക് ഏറെ അനിവാര്യമാണ്.