കൊളംബോ : ക്രിക്കറ്റ് ലോകത്തെ ചൂടുപിടിപ്പിക്കുന്ന വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്‌ന ഫൈനല്‍ ഇന്ന് നടക്കും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എമേര്‍ജിങ് ടീംസ് ഏഷ്യ കപ്പിന്‍റെ (ACC Emerging Asia Cup ) കലാശപ്പോരിലാണ് ഇന്ത്യ എയും പാകിസ്ഥാന്‍ എയും നേര്‍ക്കുനേരെത്തുന്നത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക.
ടൂര്‍ണമെന്‍റില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ എ കലാശപ്പോരിന് ടിക്കറ്റെടുത്തത്. രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ബംഗ്ലാദേശ് എയെ 51 റണ്‍സിന് തോല്‍പ്പിച്ചുകൊണ്ടായിരുന്നു ടീം കലാശപ്പോരിന് ടിക്കറ്റുറപ്പിച്ചത്. ഏറെ അവേശം നിറഞ്ഞ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ എയെ 211 റണ്‍സില്‍ ഓള്‍ ഔട്ട് ആക്കാന്‍ ബംഗ്ലാദേശിന് കഴിഞ്ഞിരുന്നു.
ഒറ്റയാള്‍ പോരാട്ടം നടത്തിയ നായകന്‍ യാഷ് ദുളിന്‍റെ അര്‍ധ സെഞ്ചുറിയുടെ മികവിലായിരുന്നു ടീം ഭേദപ്പെട്ട നിലയില്‍ എത്തിയത്. 85 പന്തുകളില്‍ 66 റണ്‍സായിരുന്നു താരം നേടിയത്. എന്നാല്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് എ 34.2 ഓവറില്‍ 160 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു.
ആദ്യ വിക്കറ്റില്‍ 70 റണ്‍സ് ചേര്‍ത്ത ബംഗ്ലാദേശ് എ വിജയ പ്രതീക്ഷയിലായിരുന്നുവെങ്കിലും പിന്നീട് തകര്‍ന്നടിയുകയായിരുന്നു. എട്ട് ഓവറില്‍ 20 റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയ നിഷാന്ത് സിന്ധുവിന്‍റെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് നിര്‍ണായമായത്. യാഷ് ദുളാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
മറുവശത്ത് ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്ക എയെ 60 റണ്‍സിന് തോല്‍പിച്ചാണ് പാകിസ്ഥാന്‍ എ ഫൈനലിന് യോഗ്യത നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ എ നേടിയ 322 റണ്‍സിന് മറുപടിക്കിറങ്ങിയ ശ്രീലങ്ക എ 262 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. അതേസമയം നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ എ - പാകിസ്ഥാന്‍ എ ടീമുകള്‍ നേര്‍ത്തുനേരെത്തിയിരുന്നു. മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ വിജയം പിടിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇന്ന് ഈ കടം തീര്‍ക്കാന്‍ പാകിസ്ഥാന്‍ ലക്ഷ്യം വയ്‌ക്കുമ്പോള്‍ വിജയം ആവര്‍ത്തിക്കാനുറച്ചാവും ഇന്ത്യ ഇറങ്ങുക.
മത്സരം കാണാന്‍ : ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എമേര്‍ജിങ് ടീംസ് ഏഷ്യ കപ്പിന്‍റെ ഫൈനല്‍ ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. ഫാന്‍കോഡ് ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരത്തിന്‍റെ തത്സമയ സ്‌ട്രീമിങ്ങുണ്ട്.
ഇന്ത്യ എ സ്‌ക്വാഡ് : സായ് സുദര്‍ശന്‍, അഭിഷേക് ശര്‍മ, ധ്രുവ് ജൂറെല്‍ (വിക്കറ്റ് കീപ്പര്‍), നിഖിന്‍ ജോസ്, യാഷ് ദുള്‍ (ക്യാപ്റ്റന്‍) , ആകാശ് സിങ്, യുവ്‌രാജ്‌സിങ് ദോദിയ, പ്രഭ്‌സിമ്രാന്‍ സിങ്, പ്രദോഷ് പോള്‍, റിയാന്‍ പരാഗ്, നിഷാന്ത് സിന്ധു, മാനസ് സുതര്‍, ഹര്‍ഷിത് റാണ, നിതീഷ് റെഡ്ഡി, രാജ്‌വര്‍ധന്‍ ഹംഗർഗേക്കര്‍.