ട്രിനിഡാഡ്: നൂറാം മത്സരത്തിൽ സെഞ്ച്വറിയുമായി തിളങ്ങിയ വെസ്റ്റ് ഇൻഡീസ് ഓപ്പണർ ഷായ് ഹോപ്പിന്‍റെ മികവിൽ ഇന്ത്യക്കെതിരെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി വെസ്റ്റ് ഇൻഡിസ്. നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 311 റണ്‍സ് വിൻഡീസ് സ്വന്തമാക്കി. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഹോപ്പിന്‍റെയും (115) നായകൻ നിക്കോളാസ് പുരാന്‍റെയും (74) ബാറ്റിങ് മികവിലാണ് വിൻഡീസ് മികച്ച സ്‌കോർ കണ്ടെത്തിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസിനായി ഓപ്പണർമാരായ ഷായ് ഹോപ്പും കൈൽ മേയേഴ്‌സും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 65 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ 9-ാം ഓവർ എറിയാനെത്തിയ ദീപക് ഹൂഡ തന്‍റെ ആദ്യ പന്തിൽ തന്നെ മേയേഴ്‌സിനെ (39) പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെയെത്തിയ ഷമർ ബ്രൂക്‌സും ഷായ് ഹോപ്പും ചേർന്ന് ടീം സ്‌കോർ 100 കടത്തി. പിന്നാലെ ബ്രൂക്‌സിനെ (35) പുറത്താക്കി അക്‌സർ പട്ടേൽ ഇന്ത്യക്ക് ആശ്വാസമേകി. തൊട്ടുപിന്നാലെയെത്തിയ ബ്രാൻഡൻ കിങിനെ അക്കൗണ്ട് തുറക്കും മുന്നേ തന്നെ യുസ്‌വേന്ദ്ര ചാഹല്‍ കൂടാരം കയറ്റി.
എന്നാൽ തുടർന്ന് ക്രീസിലെത്തിയ നായകൻ നിക്കോളാസ് പുരാൻ വമ്പൻ അടികളുമായി കളം നിറഞ്ഞതോടെ ഇന്ത്യയുടെ പദ്ധതികൾ പാളി. ഹോപ്പ്- പുരാൻ സഖ്യം 117 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് വിൻഡീസിന് വേണ്ടി പടുത്തുയർത്തിയത്. ഇതിനിടെ ഇരുവരും ചേർന്ന് ടിം സ്‌കോർ 200 കടത്തി.
മികച്ച ഷോട്ടുകളുമായി സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന പുരാനെ (74) പുറത്താക്കി ഷാർദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പുരാൻ പുറത്തായതിന് പിന്നാലെ ഷായ് ഹോപ്പ് തന്‍റെ 13-ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കി. 125 പന്തിൽ മൂന്ന് സിക്‌സിന്‍റെയും 8 ഫോറിന്‍റെയും അകമ്പടിയോടെയാണ് ഹോപ്പ് തന്‍റെ 100-ാം മത്സരത്തിൽ സെഞ്ച്വറി പൂർത്തിയാക്കിയത്.
പുരാന് പിന്നാലെ ക്രീസിലെത്തിയ റോവ്‌മാൻ പവലിനെ(13) ഷാർദുൽ താക്കൂർ മടക്കിയയച്ചു. തുടർന്നെത്തിയ റൊമാരിയോ ഷെപ്പേർഡിനെ കൂട്ടുപിടിച്ച് ഹോപ്പ് ടീം സ്‌കോർ 300 കടത്തി. തൊട്ടുപിന്നാലെ താക്കൂറിന്‍റെ പന്തിൽ അക്‌സർ പട്ടേലിന് ക്യാച്ച് നൽകി താരം മടങ്ങി. റൊമാരിയോ ഷെപ്പേർഡ് (15), അകാൽ ഹൊസൈൻ (6) എന്നിവർ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ദീപക് ഹൂഡ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവർ ഓരോ വിക്കറ്റും നേടി.