മുംബൈ : ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ നായകസ്ഥാനം ഒഴിയാനുള്ള എംഎസ് ധോണിയുടെ തീരുമാനം പെട്ടെന്നുള്ളതല്ലെന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. കഴിഞ്ഞ സീസണില്‍ തന്നെ ഇതേപറ്റി ഞങ്ങള്‍ സംസാരിച്ചിരുന്നു. നായകസ്ഥാനം എപ്പോള്‍ ഒഴിയണമെന്നത് സംബന്ധിച്ച തീരുമാനം ധോണിക്ക് വിട്ടുനല്‍കിയിരുന്നതായും ഫ്ലെമിങ് വ്യക്തമാക്കി.
'ഞങ്ങള്‍ അതേക്കുറിച്ച് സംസാരിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ എംഎസ് എന്നോട് സംസാരിച്ച ഒരുകാര്യമാണത്. സമയം തീരുമാനിക്കേണ്ടത് അദ്ദേഹമായിരുന്നു'. ഐപിഎല്‍ 15ാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തിന് ശേഷമുള്ള വെർച്വൽ വാര്‍ത്താസമ്മേളനത്തില്‍ ഫ്ലെമിങ് പറഞ്ഞു.
മത്സരത്തില്‍ ആറ് വിക്കറ്റിന് ചെന്നൈ കൊല്‍ക്കത്തയോട് തോറ്റിരുന്നു. ചെന്നൈ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നാല് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ലക്ഷ്യം മറികടന്നത്.
15ാം സീസണ്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു ചെന്നൈയുടെ നായക സ്ഥാനത്തുനിന്നുള്ള ധോണിയുടെ പടിയിറക്കം. രവീന്ദ്ര ജഡേജയ്‌ക്കാണ് പകരം ചുമതല കൈമാറിയത്. 2008 ല്‍ ടീമിന്‍റെ നായക സ്ഥാനമേറ്റെടുത്ത ധോണി 12 സീസണുകളിലാണ് ചെന്നൈയെ നയിച്ചിട്ടുള്ളത്.
also read: Swiss Open | വനിത സിംഗിൾസ് ഫൈനലിലേക്ക് സിന്ധുവിന്‍റെ കുതിപ്പ്
താരത്തിന് കീഴില്‍ നാല് ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടങ്ങളും ചെന്നൈ സ്വന്തമാക്കിയിട്ടുണ്ട്. ആകെ 204 മത്സരങ്ങളില്‍ ടീമിനെ നയിച്ചു. 121 മത്സരങ്ങള്‍ ജയിച്ചുകയറിയപ്പോള്‍ 82 മത്സരങ്ങളില്‍ മാത്രമാണ് തോല്‍വി വഴങ്ങിയത്.