അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയോട് വമ്പന്‍ തോല്‍വിയാണ് പാകിസ്ഥാന്‍ വഴങ്ങിയത് (India vs Pakistan). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ ടീമിന് അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്കെതിരെ 42.5 ഓവറില്‍ 191 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ. മറുപടി ബാറ്റിങ്ങില്‍ ടീം ഇന്ത്യ 31-ാം ഓവറില്‍ പാക് വിജയലക്ഷ്യം മറികടക്കുകയായിരുന്നു (India vs Pakistan Match Result).
മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ട രണ്ട് ജഴ്‌സികള്‍ വിരാട് കോലി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് സമ്മാനമായി നല്‍കി (Virat Kohli Gifted Jersey To Babar Azam). മൈതാനത്ത് ക്യാമറകള്‍ക്ക് മുന്നില്‍വച്ചായിരുന്നു കോലി ബാബറിന് ജഴ്‌സികള്‍ സമ്മാനിച്ചത്. ഈ ജഴ്‌സികള്‍ സന്തോഷത്തോടെ തന്നെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുടെ കയ്യില്‍ നിന്നും ബാബര്‍ സ്വീകരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്‌തിരുന്നു.
എന്നാല്‍, പാകിസ്ഥാന്‍റെ കനത്ത തോല്‍വിക്ക് ശേഷം ബാബര്‍ അസം വിരാട് കോലിയില്‍ നിന്നും ജഴ്‌സികള്‍ സമ്മാനമായി സ്വീകരിച്ചതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം വസീം അക്രം (Wasim Akram Criticizes Babar Azam For Shirt Swap with Virat Kohli On Field). ഇന്ത്യ പാക് മത്സരശേഷം നടന്ന ഒരു പാനല്‍ ചര്‍ച്ചയ്‌ക്കിടെയായിരുന്നു വസീം അക്രമിന്‍റെ പ്രതികരണം. തന്‍റെ ടീമിന്‍റെ ഇത്രയും വലിയൊരു തോല്‍വിക്ക് ശേഷം, ജഴ്‌സികള്‍ കൈമാറാന്‍ പറ്റിയ വേദിയായിരുന്നില്ല അവിടം എന്നായിരുന്നു പാക് മുന്‍ താരത്തിന്‍റെ പ്രതികരണം.
'വിരാട് കോലിയില്‍ നിന്നും രണ്ട് ജഴ്‌സികള്‍ ബാബര്‍ സ്വീകരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. നിരവധി പേരാണ് ഇതിനോടകം തന്നെ ഇതിന്‍റെ ദൃശ്യങ്ങള്‍ കണ്ടത്. സ്വന്തം ടീമിന്‍റെ നിരാശാജനകമായൊരു പ്രകടനത്തിന് ശേഷം ആരാധകര്‍ ഇത്രത്തോളം വേദനിച്ച് നില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമായിരുന്നില്ല അത്.
ഇത്രയധികം ആരാധകരുടെ മുന്നില്‍ വച്ചായിരുന്നു ബാബര്‍ കോലിയുടെ സമ്മാനം സ്വീകരിച്ചത്. ഇന്ന്, അതിനുള്ള ദിവസമായിരുന്നില്ല. അത് ചെയ്യാനായിരുന്നു ആഗ്രഹമെങ്കില്‍, നിങ്ങളുടെ അമ്മാവന്‍റെ മകന്‍ കോലിയുടെ ജഴ്‌സി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നങ്കില്‍ അത് മത്സരം കഴിഞ്ഞ് ഡ്രസിങ് റൂമില്‍ പോയി വാങ്ങണമായിരുന്നു' - വസീം അക്രം പറഞ്ഞു.
ഈ ലോകകപ്പില്‍ പാകിസ്ഥാന്‍റെ ആദ്യ തോല്‍വിയായിരുന്നു ഇന്നലത്തേത് (ഒക്‌ടോബര്‍ 14). ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച പാക് പട നാല് പോയിന്‍റോടെ പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ്. ഈ മാസം 20ന് ഓസ്‌ട്രേലിയക്കെതിരെയാണ് ബാബര്‍ അസമിന്‍റെയും കൂട്ടരുടെയും അടുത്ത മത്സരം.