മുംബൈ : ഐപിഎല്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നായക സ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇന്ത്യയുടെ ടി20 ടീമിന്‍റെ നായക സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് കോലി ഇത് സംബന്ധിച്ചിച്ച പ്രഖ്യാപനം നടത്തിയത്.
ഇപ്പോഴിതാ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് കോലി. ആര്‍സിബി പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ക്യാപ്റ്റന്‍ മനസ് തുറന്നത്. ജോലിഭാരം കുറച്ച് തന്‍റേതായ ഒരിടം കണ്ടെത്താണ് ആര്‍സിബിയുടെ നായക സ്ഥാനമൊഴിഞ്ഞതെന്ന് കോലി പറഞ്ഞു.
''എനിക്ക് ചെയ്യാനാവാത്ത കാര്യങ്ങളില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്ന ഒരാളല്ല ഞാന്‍. എനിക്ക് ഇനിയും ഏറെ ചെയ്യാന്‍ കഴിയുമെന്ന് അറിയാമെങ്കിലും, അത് ആസ്വദിക്കാനാവുന്നില്ലെങ്കില്‍ ഞാനതില്‍ തുടരില്ല.
പക്ഷേ പുറത്ത് നില്‍ക്കുന്നവര്‍ക്കത് ബോധ്യമാകണമെന്നില്ല. കാരണം അവര്‍ നമ്മുടെ സ്ഥാനത്ത് നില്‍ക്കുമ്പോഴേ, അവര്‍ക്കത് മനസിലാവൂ. ഇക്കാര്യത്തില്‍ ഞെട്ടേണ്ട ഒരു കാര്യവുമില്ല. ജോലിഭാരം കുറച്ച് അല്‍പ്പം കൂടി സമയം എനിക്ക് കണ്ടെത്തണമായിരുന്നു. അതിനാലാണ് ആര്‍സിബിയുടെ നായക സ്ഥാനം ഒഴിഞ്ഞത്. കഥ അവിടെ അവസാനിക്കുന്നു'' കോലി പറഞ്ഞു.
also read: രഞ്ജിയിലും വലഞ്ഞ് രഹാനെയും പൂജാരയും ; ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തേക്കോ ?
ഇന്ത്യന്‍ ടീമിന് പിന്നാലെ ആര്‍സിബിയുടെ നായക സ്ഥാനമൊഴിഞ്ഞതില്‍ ആളുകള്‍ പല കഥകളും പയുന്നുണ്ടാവും, എന്നാല്‍ ജീവിതത്തെ വളരെ ലളിതമായാണ് സമീപിക്കുന്നത്. അതുകൊണ്ടുതന്നെ പ്രചരിക്കുന്ന കഥകളിലൊന്നും കാര്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.