ലണ്ടൻ: കരിയറിൽ താൻ കണ്ടിട്ടുള്ളതിൽ ഏറ്റവുമധികം ഏകാഗ്രതയോടെയും ശ്രദ്ധയോടെയും ബാറ്റ് വീശുന്ന താരങ്ങളിൽ ഒരാളാണ് ചേതേശ്വർ പുജാരയെന്ന് പാക് താരം മുഹമ്മദ് റിസ്വാൻ. ഇംഗ്ലീഷ് കൗണ്ടിയില്‍ സസെക്‌സിനായി കളിക്കുകയാണ് ഇരു താരങ്ങളും. ടൂർണമെന്‍റിലുടനീളം തകർപ്പൻ പ്രകടനം കാഴ്‌ചവെയ്‌ക്കുന്ന പുജാര ഇതിനകം രണ്ട് സെഞ്ച്വറിയും രണ്ട് ഡബിൾ സെഞ്ച്വറിയും സ്വന്തമാക്കിക്കഴിഞ്ഞു.
പുജാരയുമൊത്ത് കളിക്കുന്നതിൽ എനിക്ക് അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ല. അവൻ വളരെ മികച്ച താരമാണ്. വളരെ സ്‌നേഹമുള്ള വ്യക്‌തി. ഒപ്പം അവന്‍റെ ഏകാഗ്രതയും ശ്രദ്ധയും നാം കണ്ടുപടിക്കേണ്ടതാണ്. എന്‍റെ കരിയറിൽ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവുമധികം ഏകാഗ്രതയുള്ള കളിക്കാർ യൂനിസ് ഭായിയും ഫവാദ് ആലവും പുജാരയുമാണ്. ഏകാഗ്രതയുടെ പട്ടികയിൽ പുജാര രണ്ടാം സ്ഥാനത്ത് വരും, റിസ്വാൻ പറഞ്ഞു.
പതിവായുള്ള വൈറ്റ് ബോൾ മത്സരങ്ങൾ ടെസ്റ്റ് ഫോർമാറ്റിലുള്ള അച്ചടക്കത്തെ ബാധിക്കുമെന്ന് പുജാര പറഞ്ഞിരുന്നു. ഈ മൂന്ന് കളിക്കാർക്കും എങ്ങനെയാണ് ഇത്ര തീവ്രമായ ശ്രദ്ധയും ഏകാഗ്രതയും പരിപാലിക്കുന്നതെന്ന് മനസിലാക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ഞാൻ യൂനിസ് ഭായിയുമായും പുജാരയുമായും ഇക്കാര്യം സംസാരിച്ചിരുന്നു. ഇത് എന്നെ ഏറെ സഹായിച്ചു, റിസ്വാൻ പറഞ്ഞു.
ALSO READ: 'ബോളർ ആരാണെന്ന് നോക്കേണ്ട, റസലിനെ പോലെ അടിച്ച് പറത്തൂ'; പന്തിന് ഉപദേശവുമായി രവി ശാസ്‌ത്രി
നമ്മുടെ ശരീരത്തോട് ചേർന്ന് കളിക്കണം എന്നതാണ് പുജാര എനിക്ക് തന്ന ഉപദേശം. സാധാരണ വൈറ്റ് ബോൾ ക്രിക്കറ്റ് അധികമായി കളിക്കുന്നതിനാൽ കുറച്ച് വർഷങ്ങളായി ശരീരത്തോട് മാറിയാണ് ബാറ്റ് ഉപയോഗിക്കുന്നത്. വൈറ്റ് ബോളിൽ പന്ത് അധികം സ്വിങ് ചെയ്യാത്തതിനാൽ ശരീരത്തോട് അടുത്ത് കളിക്കില്ല. അതിൽ മാറ്റം വരുത്താൻ പുജാര എനിക്ക് നിർദേശം നൽകിയിരുന്നു. റിസ്വാൻ കൂട്ടിച്ചേർത്തു.