ഇസ്ലാമബാദ് : ഏഷ്യ കപ്പ് (Asia cup 2023) ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) മത്സരത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധക ലോകം. രാഷ്‌ട്രീയ കാരണങ്ങളാല്‍ ഒരു ദശാബ്ദത്തോളമായി ഉഭയകക്ഷി പരമ്പരകൾ കളിക്കാത്ത ഇരു ടീമുകളും പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് നിലവില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ഇതോടെ ചിരവൈരികള്‍ നേര്‍ക്കുനേര്‍ എത്തുമ്പോഴുള്ള ഓരോ മത്സരത്തിന്‍റെയും ആവേശം പതിന്മടങ്ങ് ഏറും.
നാളെ പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ ബാറ്റര്‍മാരും പാകിസ്ഥാന്‍ പേസര്‍മാരും തമ്മിലുള്ള പോരാട്ടമാവും നാളെ നടക്കുകയെന്നാണ് പൊതുവെ വിലയിരുത്തലുള്ളത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്ററെ പാക് ടീമിന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പേസര്‍ വഹാബ് റിയാസ് (Wahab Riaz).
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഏറ്റവും വേഗത്തില്‍ പുറത്താക്കണമെന്നും അതിനുള്ള വഴി ബാബര്‍ അസമും സംഘവും കണ്ടെത്തേണ്ടതുണ്ടെന്നുമാണ് വഹാബ് റിയാസ് പറയുന്നത് (Wahab Riaz on Rohit Sharma). "കഴിയുന്നത്ര വേഗത്തില്‍ രോഹിത് ശർമ്മയെ പുറത്താക്കാൻ പാകിസ്ഥാൻ ഒരു വഴി കണ്ടെത്തണം. പാകിസ്ഥാനെതിരെ അദ്ദേഹം തുടർച്ചയായി കൂറ്റൻ സ്കോറുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യ ന്യൂ ബോളില്‍ കളിക്കുന്നതെങ്ങനെയെന്ന് ബാബറും ഇമാമും കാണേണ്ടതുണ്ട്" - വഹാബ് റിയാസ് ഒരു പാക് ചാനലില്‍ പറഞ്ഞു.
നിലവില്‍ സജീവമായ ഇന്ത്യൻ ക്രിക്കറ്റര്‍മാരില്‍ പാകിസ്ഥാനെതിരെ ഏകദിനത്തില്‍ ഏറ്റവും മികച്ച റെക്കോഡുള്ള താരമാണ് രോഹിത് ശര്‍മ. 16 ഇന്നിങ്‌സുകളില്‍ നിന്നും 51.4 ശരാശരിയില്‍ 720 റണ്‍സാണ് രോഹിത് അടിച്ച് കൂട്ടിയിട്ടുള്ളത്. ചിരവൈരികള്‍ക്കെതിരെ ആറ് അർധസെഞ്ചുറികളും രണ്ട് സെഞ്ചുറികളും ഹിറ്റ്‌മാന്‍റെ അക്കൗണ്ടിലുണ്ട്.
മത്സരത്തില്‍ ആദ്യ 10 ഓവറുകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന ടീമിന് വ്യക്തമായ മുന്‍തൂക്കമുണ്ടാവുമെന്നും വഹാബ് റിയാസ് അഭിപ്രായപ്പെട്ടു (Wahab Riaz on India vs Pakistan). ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ മുൻനിര താരങ്ങളെ ആശ്രയിക്കുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ആദ്യത്തെ 10 ഓവറുകൾ ഏത് ടീം പരമാവധി പ്രയോജനപ്പെടുത്തുന്നുവോ അവർക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടാവും. ഇന്ത്യയും പാകിസ്ഥാനും വലിയ സ്‌കോറുകൾ നേടുന്നത് ബാറ്റിങ് ഓര്‍ഡറില്‍ അവരുടെ ആദ്യ മൂന്ന് താരങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇത് ന്യൂബോളിന്‍റെ പോരാട്ടമായിരിക്കുമെന്ന് എനിക്ക് തോന്നുന്നത്" - വഹാബ് റിയാസ് വിശദീകരിച്ചു.