മുംബൈ : മുംബൈ ഇന്ത്യൻസിനായി കളിച്ചിരുന്ന കാലത്തുണ്ടായ മോശം അനുഭവം ഇന്ത്യൻ സ്‌പിന്നർ യുസ്‌വേന്ദ്ര ചാഹല്‍ വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. മദ്യപിച്ച് ലെക്ക് കെട്ട ഒരു സഹതാരം തന്നെ 15ാം നിലയിലെ ബാൽക്കണിയിലേക്ക് വിളിച്ചുകൊണ്ട് പോയെന്നും ശേഷം ബാൽക്കണിക്ക് പുറത്തേക്ക് തൂക്കിയിട്ടെന്നുമായിരുന്നു ചാഹലിന്‍റെ വെളിപ്പെടുത്തല്‍.
ഇപ്പോഴിതാ ഇത്തരത്തില്‍ അപകടകരമാംവിധം പെരുമാറിയ കളിക്കാരന്‍റെ പേര് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.
''ചാഹല്‍ പറഞ്ഞത് പോലെ മദ്യലഹരിയില്‍ ഇങ്ങനെ പെരുമാറിയ താരത്തിന്റെ പേര് പരസ്യമാക്കണം. സംഭവം സത്യമാണെങ്കില്‍ അതിനെ തമാശയായി കാണാനാവില്ല. എന്താണ് സംഭവിച്ചതെന്നറിയണം. ഇത്രയും ഗൗരവമേറിയ സംഭവത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്'' - സെവാഗ് പറഞ്ഞു.
ആര്‍ അശ്വിനുമായുള്ള സംഭാഷണത്തിലാണ് അധികമാർക്കും അറിയാത്ത സംഭവം എന്ന് പറഞ്ഞുകൊണ്ട് 2013ല്‍ തനിക്ക് നേരിട്ട ദുരനുഭവം ചാഹല്‍ വെളിപ്പെടുത്തിയത്. തലനാരിഴയ്‌ക്കാണ് താൻ മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും ചാഹല്‍ വിശദീകരിച്ചു.
''എന്‍റെ ഈ കഥ ചില ആളുകൾക്ക് അറിയാം. ഇക്കാര്യം ഞാൻ അധികം ആരുമായും പങ്കുവച്ചിട്ടില്ല. മുംബൈ ഇന്ത്യൻസിൽ കളിക്കുന്ന സമയത്ത് ബെംഗളൂരുവിൽ മത്സരം നടക്കുകയായിരുന്നു. മത്സര ശേഷം ഒരു ഗെറ്റ് ടുഗതർ ഉണ്ടായിരുന്നു. ഇതിനിടെ മദ്യപിച്ച് ലെക്ക് കെട്ട ഒരു സഹതാരം എന്നെ ബാൽക്കണിയിലേക്ക് വിളിച്ചുകൊണ്ടുപോയി. ശേഷം എന്നെ എടുത്ത് ബാൽക്കണിക്ക് പുറത്തേക്ക് തൂക്കിയിട്ടു.
ആ സമയം ഞാൻ അയാളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ 15-ാം നിലയിലാണ് സംഭവം. എന്‍റെ പിടുത്തം നഷ്‌ടപ്പെട്ടാൽ ഞാൻ താഴേക്ക് പതിക്കും. ഉടൻ തന്നെ ഇത് ശ്രദ്ധയിൽപ്പെട്ട സഹതാരങ്ങൾ ഓടിയെത്തി സാഹചര്യം നിയന്ത്രിച്ചു. ഞാൻ തളർന്നുപോയി. അവർ എനിക്ക് കുടിക്കാൻ വെള്ളം തന്നു. ആ താരത്തിന്‍റെ പേര് ഞാൻ പറയുന്നത് മര്യദയല്ല'' - ചാഹൽ പറഞ്ഞു.
also read: തായ്‌ലൻഡ് ഓപ്പൺ | നാല് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് സ്വര്‍ണം, ഇതേവരെ 10 മെഡലുകള്‍
2013ലെ ഒറ്റ സീസണിൽ മാത്രമാണ് ചാഹല്‍ മുംബൈക്കായി കളിച്ചത്. സീസണിൽ ഒരു മത്സരത്തിൽ മാത്രമേ കളിക്കാൻ അവസരം ലഭിച്ചുള്ളൂ. തുടർന്ന് അടുത്ത സീസണ്‍ മുതൽ തുടർച്ചയായ എട്ട് സീസണ്‍ ചാഹല്‍ ബാംഗ്ലൂരിനായി പന്തെറിഞ്ഞു. ഇക്കഴിഞ്ഞ താരലേലത്തിൽ രാജസ്ഥാൻ റോയൽസ് ചാഹലിനെ സ്വന്തമാക്കുകയായിരുന്നു.