ഹൈദരാബാദ്: മാറ്റത്തിന്‍റെ പാതയിലൂടെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും വൈറ്റ് ബോള്‍ ക്രിക്കറ്റിലാണ് നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതും. കഴിഞ്ഞ വര്‍ഷമായിരുന്നു ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നായകനായി രോഹിത് ശര്‍മയെ നിയമിക്കുന്നത്.
2017 മുതല്‍ ടീമിനെ നയിച്ചിരുന്ന വിരാട് കോലി നായകസ്ഥാനം രാജിവെച്ചതിന് പിന്നാലെ ആയിരുന്നു രോഹിത് ശര്‍മയ്‌ക്ക് പുതിയ ചുമതല ലഭിച്ചത്. രോഹിതിന് കീഴില്‍ കിരീട വരള്‍ച്ച ഇന്ത്യ അവസാനിപ്പിക്കുമെന്നായിരുന്നു ബിസിസിസിയുടെ പ്രതീക്ഷ.
എന്നാല്‍, 2022ലെ ടി20 ലോകകപ്പില്‍ കിരീടം നേടാന്‍ രോഹിതിന് കീഴിലിറങ്ങിയ ഇന്ത്യന്‍ ടീമിന് സാധിച്ചില്ല. സെമി ഫൈനലില്‍ ആയിരുന്നു ഇന്ത്യ അന്ന് പരാജയപ്പെട്ടത്. ഇതിന് പിന്നാലെ തന്നെ ടീമില്‍ വമ്പന്‍ അഴിച്ചുപണികളും തുടങ്ങി.
രോഹിത് ശര്‍മ ടെസ്റ്റ്-ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ ടി20 നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടു. ടി20 പരമ്പരകളില്‍ വിരാട് കോലിക്ക് തുടര്‍ച്ചയായി വിശ്രമം. നിരവധി യുവതാരങ്ങള്‍ക്കും ടീമില്‍ അവസരം ലഭിച്ചു.
ലക്ഷ്യം 2024 ടി20 ലോകകപ്പോ...? വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. പുതിയ ചീഫ് സെലക്‌ടറായി അജിത് അഗാര്‍ക്കര്‍ ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യത്തെ ടീം പ്രഖ്യാപനം കൂടിയായിരുന്നു ഇത്. അഗാര്‍ക്കര്‍ ചുമതലയേറ്റെടുക്കുന്നതോടെ ടീമില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മുന്‍പത്തേതിന് സമാനമായ രീതിയില്‍ തന്നെ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ ടി20 ടീമില്‍ നിന്നും മാറ്റി നിര്‍ത്താനാണ് പുതിയ അഗാര്‍ക്കാറും തീരുമാനിച്ചത്. കൂടാതെ, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നീ രണ്ട് യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരവും ലഭിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള അഴിച്ചുപണികളാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ നടക്കുന്നതെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍, ആര്‍ക്ക് കീഴിലാകും 2024 ടി20 ലോകകപ്പില്‍ ഇന്ത്യ കളിക്കുക എന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. നിലവില്‍, സ്ഥിരം നായകന്‍ രോഹിത് ശര്‍മയ്‌ക്കും സീനിയര്‍ താരം വിരാട് കോലിക്കും ഏകദിന ലോകകപ്പിന് മുന്‍പ് ജോലിഭാരം കുറയ്‌ക്കുന്നതിനായാണ് ടി20 മത്സരങ്ങളില്‍ വിശ്രമം അനുവദിക്കുന്നത് എന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരുക്കങ്ങളാണ് ബിസിസിഐ നടത്തുന്നതെന്ന് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ 2024 ടി20 ലോകകപ്പ് പദ്ധതിയില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നീ സീനിയര്‍ താരങ്ങളുണ്ടോ എന്നതിലാണ് ഉത്തരം ലഭിക്കേണ്ടത്.
രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ഭാവി: നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് - ഏകദിന ടീമുകളിലെ സ്ഥിരാംഗങ്ങളാണ് രോഹിത് ശര്‍മയും വിരാട് കോലിയും. രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരങ്ങളാണ് ഇവര്‍ ഇരുവരും. എന്നാല്‍, 2022ലെ ടി20 ലോകകപ്പിന് ശേഷം ഇരുവരും ഇന്ത്യയ്‌ക്കായി ഒരു ടി20 മത്സരം പോലും കളിച്ചിട്ടില്ല.
ടി20 ടീമിലേക്ക് ഇരുവരുടെയും മടങ്ങിവരവ് എപ്പോഴാകും എന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഇവര്‍ക്കൊപ്പം രവിചന്ദ്രന്‍ അശ്വിന്‍, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നീ താരങ്ങളുടെയും ടി20 ഭാവി നിലവില്‍ തുലാസിലാണ്.