അരിയല്ലൂർ(തമിഴ്‌നാട്): ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി- രോഹിത് ശർമ എന്നിവരുടെ ആരാധകർ തമ്മിലുള്ള തർക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. രോഹിത്തിന്‍റെ ആരാധകനായ വിഘ്‌നേഷിനെയാണ്(21) കോലിയുടെ ആരാധകനായ ധർമരാജ് ആക്രമിച്ച് കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലെ പൊയ്യൂർ ഗ്രാമത്തിൽ ചൊവ്വാഴ്‌ചയായിരുന്നു(ഒക്‌ടോബര്‍ 11) സംഭവം. പിന്നാലെ പ്രതി ധർമരാജിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
വിഘ്‌നേഷും ധർമ്മരാജും സുഹൃത്തുക്കളാണെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട വിഘ്‌നേഷ് ഐപിഎലിൽ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസിന്‍റെയും ധർമരാജ് വിരാട് കോലിയുടെ ടീമായ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെയും ആരാധകരായിരുന്നു. ഇരുവരും ചൊവ്വാഴ്‌ച രാത്രി മല്ലൂരിനടുത്തുള്ള സിഡ്‌കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമുള്ള തുറസായ സ്ഥലത്തിരുന്ന് മദ്യപിക്കുകയായിരുന്നു.
ഇതിനിടെ ടീമുകളെയും താരങ്ങളെയും ചൊല്ലി ഇരുവരും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ വിഘ്‌നേഷ് വിരാട് കോലിയേയും റോയൽ ചാലഞ്ചേഴ്‌സിനെയും പരിഹസിച്ചു. സംസാരത്തിൽ വിക്ക് അനുഭവപ്പെടാറുള്ള ധർമരാജിനെ അതിന്‍റെ പേരിൽ പരിഹസിക്കുന്ന പതിവും വിഘ്നേഷിനുണ്ടായിരുന്നു. വഴക്കുണ്ടായ ദിവസം ധർമരാജിന്‍റെ സംസാരത്തിലെ വിക്കിനെ ആർസിബിയുമായി ചേർത്ത് വിഘ്‌നേഷ് പരിഹസിച്ചിരുന്നു.
ഇതിൽ കുപിതനായ ധർമരാജ് വിഘ്‌നേഷിനെ കുപ്പി ഉപയോഗിച്ച് ആക്രമിച്ച ശേഷം ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം ധർമരാജ് അവിടെ നിന്ന് രക്ഷപ്പെട്ടു. ബുധനാഴ്‌ച രാവിലെ ഫാക്‌ടറിയിലെ തൊഴിലാളികളാണ് വിഘ്‌നേഷിന്‍റെ മൃതദേഹം കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.