ദുബായ് : അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 24,000 റണ്‍സ് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിലെ സെഞ്ച്വറി പ്രകടനത്തോടെയാണ് കോലി നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. അഫ്‌ഗാനെതിരെ 61 പന്തില്‍ 122 റണ്‍സടിച്ച കോലി പുറത്താവാതെ നിന്നിരുന്നു.
12 ഫോറുകളുടെയും ആറ് സിക്‌സുകളുടേയും അകമ്പടിയോടെയാണ് താരത്തിന്‍റെ കിടുക്കാച്ചി ഇന്നിങ്സ്. ഇതോടെ നിലവില്‍ 24,002 അന്താരാഷ്‌ട്ര റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. 468 മത്സരങ്ങളിലായി 522 ഇന്നിങ്‌സുകളിലാണ് കോലി ഇത്രയും റണ്‍സടിച്ച് കൂട്ടിയത്.
ക്രിക്കറ്റിലെ ഏക്കാലത്തേയും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് കോലി. ഇന്ത്യന്‍ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ (34,357 റണ്‍സ്), ശ്രീലങ്കയുടെ മുന്‍ താരം കുമാർ സംഗക്കാര (28,016), ഓസ്‌ട്രേലിയയുടെ മുന്‍ താരം റിക്കി പോണ്ടിങ് (27,483), ശ്രീലങ്കയുടെ മുന്‍ താരം മഹേല ജയവർധനെ (25,957), ദക്ഷിണാഫ്രിക്കൻ മുന്‍ താരം ജാക്ക് കാലിസ് (25,534), ഇന്ത്യയുടെ മുന്‍ താരം രാഹുല്‍ ദ്രാവിഡ് (24,208) എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്.
രോഹിത്തിനെ മറികടന്നു : ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോറാണ് കോലി അഫ്‌ഗാനെതിരെ അടിച്ച് കൂട്ടിയ 122 റണ്‍സ്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റെക്കോഡാണ് പഴങ്കഥയായത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്‍ഡോറില്‍ നേടിയ 118 റണ്‍സായിരുന്നു രോഹിത്തിന്‍റെ റെക്കോഡ്.
സൂര്യകുമാര്‍ യാദവാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നോട്ടിങ്‌ഹാമില്‍ 117 റണ്‍സാണ് സൂര്യ അടിച്ച് കൂട്ടിയത്. 2018ല്‍ വിന്‍ഡീസിനെതിരെ പുറത്താവാതെ നേടിയ 111 റണ്‍സുമായി രോഹിത് നാലാമതുമുണ്ട്. കെഎല്‍ രാഹുലാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 2016ല്‍ വിന്‍ഡീസിനെതിരെ 110 റണ്‍സ് നേടിയ താരം പുറത്താവാതെ നിന്നിരുന്നു.
മുന്നില്‍ സച്ചിന്‍ മാത്രം : അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 71ാം സെഞ്ച്വറിയാണ് കോലി അഫ്‌ഗാനെതിരെ നേടിയത്. 2019 നവംബറിന് ശേഷം ഇതാദ്യമായാണ് കോലി മൂന്നക്കം തൊടുന്നത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങളില്‍ റിക്കി പോണ്ടിങ്ങിന് ഒപ്പമെത്താനും കോലിക്ക് കഴിഞ്ഞു.
668 ഇന്നിങ്‌സുകളിലാണ് പോണ്ടിങ് ഇത്രയും സെഞ്ച്വറികള്‍ നേടിയത്. 782 ഇന്നിങ്‌സുകളില്‍ നിന്നും 100 സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്. കുമാര്‍ സംഗക്കാര (666 ഇന്നിങ്‌സുകളില്‍ നിന്നും 63 ), ജാക്ക് കാലിസ് ( 617 ഇന്നിങ്‌സുകളില്‍ നിന്നും 62 ) ഇന്നിവരാണ് പിന്നിലുള്ളത്.
അതേസമയം മത്സരത്തില്‍ ഇന്ത്യ 101 റണ്‍സിന് അഫ്‌ഗാനെ തകര്‍ത്തിരുന്നു. കോലിയുടെ സെഞ്ച്വറിയുടെയും കെഎല്‍ രാഹുലിന്‍റെ അര്‍ധ സെഞ്ച്വറിയുടെയും മികവില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടിക്കിറങ്ങിയ അഫ്‌ഗാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ ഒരു മെയ്ഡനടക്കം വെറും നാല് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് അഫ്ഗാനെ തകര്‍ത്തത്.