തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതില്‍ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ സഞ്‌ജുവിനെ പരമ്പരയിൽ നിന്നും മാറ്റി നിർത്തുന്നതിന് പിന്നിൽ വ്യക്തമായ പദ്ധതി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു. രഞ്ജി ട്രോഫിയിൽ മൂന്ന് അർധ സെഞ്ച്വറികൾ ഉൾപ്പെടെ മികച്ച ഫോമിലുള്ള സമയത്താണ് സഞ്‌ജുവിനെ മാറ്റി നിര്‍ത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ ഈ വര്‍ഷം ലഭിച്ച കുറഞ്ഞ അവസരങ്ങളില്‍ മികച്ച പ്രകടനമാണ് സഞ്‌ജു നടത്തിയത്. ഈ വർഷം ഒമ്പത് ഏകദിന ഇന്നിങ്‌സുകളില്‍ 284 റൺസാണ് 28കാരന്‍ അടിച്ചെടുത്തത്. ഇതില്‍ അഞ്ച് തവണ താരം പുറത്താകാതെ നില്‍ക്കുകയും ചെയ്‌തു.
എന്നാല്‍ ശ്രീലങ്കയ്‌ക്ക് എതിരായ ടി20 സ്‌ക്വാഡില്‍ മാത്രമാണ് സഞ്‌ജുവിനെ ബിസിസിഐ ഉള്‍പ്പെടുത്തിയത്. നേരത്തെ ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടുവെങ്കിലും ഒരു ഏകദിനത്തില്‍ മാത്രമാണ് സഞ്‌ജുവിന് അവസരം ലഭിച്ചത്. ടി20 പരമ്പരയില്‍ നിന്നും പൂര്‍ണായി തഴയപ്പെടുകയും ചെയ്‌തു.
ഇതിന് പിന്നാലെയുള്ള ബംഗ്ലാദേശ് പര്യടനത്തില്‍ സഞ്‌ജുവിനെ പരിഗണിച്ചിരുന്നില്ല. ഇതോടെ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ സഞ്‌ജുവിന് തുടര്‍ച്ചയായി അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണ്.
ഫേസ്‌ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
'ബാറ്റിങ് ഓർഡറിൽ ഏത് സ്ഥാനത്തും കളിപ്പിക്കാവുന്ന താരമാണ് മലയാളിയായ സഞ്ജു സാംസൺ. രഞ്ജി ട്രോഫിയിൽ മൂന്ന് അർധ സെഞ്ചുറികൾ ഉൾപ്പെടെ മിന്നും ഫോമിൽ ആണ് സഞ്ജു. ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഈ സാഹചര്യത്തിൽ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്ന് സഞ്ജുവിനെ മാറ്റി നിർത്തുന്നതിന് പിന്നിൽ വ്യക്തമായ പദ്ധതി സംശയിക്കേണ്ടിയിരിക്കുന്നു', വി ശിവന്‍കുട്ടി ഫേസ്‌ബുക്കില്‍ കുറിച്ചു.