സിഡ്‌നി: നാലാം ആഷസില്‍ ഉസ്‌മാന്‍ ഖവാജയുടെ മിന്നുന്ന സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരെ ഓസീസിനെ മികച്ച നിലയിലെത്തിച്ചത്. 260 പന്തില്‍ 14 ഫോറുകളുടെ അകമ്പടിയോടെ 137 റണ്‍സാണ് ഖവാജ അടിച്ച് കൂട്ടിയത്. കൊവിഡ് ഐസോലേഷനിലായ ട്രാവിസ് ഹെഡിന് പകരമാണ് ഇടവേളയ്‌ക്ക് ശേഷം ഖവാജ വീണ്ടും ടീമിന്‍റെ പ്ലെയിങ് ഇലവനിലെത്തുന്നത്.
ഇപ്പോഴിതാ താരത്തിന്‍റെ സെഞ്ചുറി നേട്ടത്തില്‍ ഭാര്യ റേച്ചലിന്‍റെ ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മടിയിരുന്ന മകളെ എടുത്തുയര്‍ത്തിയും കയ്യടിച്ചുമായിരുന്നു റേച്ചലിന്‍റെ ആഹ്ലാദ പ്രകടനം. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ ഇതിന്‍റെ ദൃശ്യം പങ്കുവെച്ചിട്ടുണ്ട്.
"ലോകത്തിലെ ഏറ്റവും ശക്തവും മനോഹരവുമായ കാര്യം കുടുംബമാണ്." എന്നാണ് ആരാധകര്‍ ഇതിന് കമന്‍റായി രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്‍റെ ഭാഗമായുള്ള മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഖവാജയ്‌ക്ക് ഇടം നല്‍കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
also read: മെസി കൊവിഡ് മുക്തനായി; വൈകാതെ ടീമിനൊപ്പം ചേരുമെന്ന് പിഎസ്‌ജി
മത്സരത്തിന്‍റെ രണ്ടാം ദിനമായ വ്യാഴാഴ്‌ച എട്ട് വിക്കറ്റ് നഷ്ടത്തില്‍ 416 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്‌ത ഓസീസിന് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 13 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്. ഹസീബ് ഹമീദ് (2), സാക്ക് ക്രാളി (2) എന്നിവരാണ് ക്രീസില്‍.