ജമൈക്ക : അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ ആദ്യമത്സരത്തിന് ഇന്നിറങ്ങും. വൈകീട്ട് 7.30 മുതല്‍ പ്രോവിഡെന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളി.
സന്നാഹ മത്സരങ്ങളിലെ മിന്നുന്ന പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തോടെയാണ് യാഷ് ധുൽ നയിക്കുന്ന സംഘം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയിറങ്ങുന്നത്. വെസ്റ്റിന്‍ഡീസിനെ 108 റണ്‍സിനും ഓസ്ട്രേലിയയെ ഒമ്പത് വിക്കറ്റിനുമാണ് ഇന്ത്യ കീഴടക്കിയിരുന്നത്.
ഏഷ്യാകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തെത്തിയ ഹർനൂർ സിങ് മികച്ച ഫോമിലാണ്. ഓസ്ട്രേലിയക്കെതിരെ 100 റൺസടിച്ച താരം പുറത്താകാതെ നിന്നിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ രവികുമാറും മിന്നി. ഇവരോടൊപ്പം ക്യാപ്റ്റൻ യാഷ് ധുൽ, പേസർ ആർ.ഹംഗാർഗേക്കർ എന്നിവരുടെ ഫോമും ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാവും.
നേരത്തെ അഞ്ച് തവണ രണ്ട് സംഘങ്ങളും ഏറ്റ് മുട്ടിയപ്പോള്‍ നാലിലും ജയിക്കാന്‍ ഇന്ത്യയ്‌ക്കായിരുന്നു. ദക്ഷിണാഫ്രിക്കയെ കൂടാതെ അയർലൻഡ്, ഉഗാണ്ട ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ.