ജോർജ്ജ്ടൗൺ : അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 45 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 233 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.4 ഓവറില്‍ 187 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഇടം കയ്യന്‍ സ്‌പിന്നര്‍ വിക്കി ഒസ്ത്‌വാളും നാല് വിക്കറ്റ് നേടിയ പേസര്‍ രാജ് ബാവയുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 10 ഓവറില്‍ വെറും 28 രണ്‍സ് മാത്രം വഴങ്ങിയാണ് വിക്കി ഒസ്‌തവാളിന്‍റെ അഞ്ചുവിക്കറ്റ് പ്രകടനം. രാജ് ബാവ 47 റണ്‍സ് വഴങ്ങി. രാജ്‌വർദ്ധൻ ഹംഗാർഗേക്കർ ശേഷിക്കുന്ന ഒരുവിക്കറ്റും സ്വന്തമാക്കി.
99 പന്തില്‍ 65 റണ്‍സെടുത്ത ബെവാള്‍ഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. വാലിന്റൈന്‍ കിറ്റിം (33 പന്തില്‍ 25) ക്യാപ്റ്റന്‍ ജോര്‍ജ് വാന്‍ ഹീര്‍ഡെന്‍ ( 61 പന്തില്‍ 36 റണ്‍സ്) എന്നിവര്‍ക്ക് മാത്രമാണ് തുടര്‍ന്ന് ഭേദപ്പെട്ട പ്രകടനം നടത്താനായത്. രണ്ട് പേര്‍ പൂജ്യത്തിന് തിരിച്ച് കയറിയപ്പോള്‍ അഞ്ചുപേര്‍ക്ക് രണ്ടക്കം കടക്കാനായില്ല.
also read: 'തലയുയർത്തിത്തന്നെ മുന്നോട്ട് സഞ്ചരിക്കൂ'; കോലിക്ക് ആശംസയുമായി ക്രിക്കറ്റ് ലോകം
നേരത്തെ, ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ 46.5 ഓവറില്‍ 232 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടാക്കിയത്. ക്യാപ്റ്റന്‍ യാഷ് ധുലിന്‍റെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് തുണയായത്. 100 പന്തില്‍ 82 റണ്‍സെടുത്ത താരം റണ്ണൗട്ടാകുകയായിരുന്നു.
ഷെയ്ഖ് റഷീദ് (31) നിശാന്ത് സിദ്ദു (27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കൗശല്‍ താംബെ (13)യാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ഹര്‍നൂര്‍ സിങ് (1) ആംഗ്രിഷ് രഘുവംശി(5), ദിനേശ് ബന (7), വിക്കി ഒസ്‌തവാള്‍ (9), രാജ്‌വർദ്ധൻ ഹങ്കാര്‍ഗേക്കര്‍ (0) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സംഭാവന. ദക്ഷിണാഫ്രിക്കയ്‌ക്കായി മാത്യൂ ബോസ്റ്റ് മൂന്ന് വിക്കറ്റ് നേടി.