കഴിഞ്ഞ രണ്ട് ഏകദിന ലോകകപ്പിലും ഫൈനലില്‍, എന്നാല്‍ ഒരിക്കല്‍ പോലും ആ കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കാത്ത ടീമാണ് ന്യൂസിലന്‍ഡ് (New Zealand). 2015ല്‍ ഓസ്‌ട്രേലിയയും 2019ല്‍ ഇംഗ്ലണ്ടുമായിരുന്നു കിവീസ് പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. കയ്യെത്തും ദൂരത്ത് നഷ്‌ടമായ കിരീടം നേടാനുറച്ച് തന്നെയാണ് ഇക്കുറി ഇന്ത്യയിലേക്ക് ന്യൂസിലന്‍ഡിന്‍റെ വരവ്. നിലവില്‍ ഏകദിന റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണെങ്കിലും മുന്നിലുള്ള ഏത് വമ്പന്മാരെയും വെല്ലുവിളിക്കാന്‍ പോന്ന കരുത്ത് അവര്‍ക്കുണ്ട്. കെയ്‌ന്‍ വില്യംസണ്‍ എന്ന നായകന് കീഴില്‍ പുത്തന്‍ പ്രതീക്ഷകളുമായി ഇറങ്ങുന്ന കിവീസിന്‍റെ ഈ ലോകകപ്പിലെ അഞ്ച് പ്രധാനപ്പെട്ട താരങ്ങളെ അറിയാം (Top Five New Zealand Players To Watch Out).
- കെയ്‌ന്‍ വില്യംസണ്‍
നായകന്‍ കെയ്‌ന്‍ വില്യംസണ്‍ (Kane Williamson) തന്നെയാണ് ഈ ലോകകപ്പിലെയും ന്യൂസിലന്‍ഡിന്‍റെ പ്രധാന താരം. നായക മികവിനൊപ്പം വില്യംസണിന്‍റെ ബാറ്റിങ്ങിലും കിവീസ് വയ്‌ക്കുന്ന പ്രതീക്ഷ തെല്ലും ചെറുതായിരിക്കില്ല. പരിക്കിന് ശേഷമാണ് ടീമിലേക്ക് മടങ്ങിയെത്തിയതെങ്കിലും തന്‍റെ ബാറ്റിങ്ങിന് ഇതുവരയെും യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന പ്രകടനമായിരുന്നു പാകിസ്ഥാനെതിരായ സന്നാഹ മത്സരത്തിലും താരം പുറത്തെടുത്തത്.
ഏകദിന ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ബാറ്റര്‍ കൂടിയാണ് കെയ്‌ന്‍ വില്യംസണ്‍. ന്യൂസിലന്‍ഡിനായി 161 അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 47.83 ശരാശരിയില്‍ 6554 റണ്‍സ് നേടിയിട്ടുണ്ട്. 13 സെഞ്ച്വറികളും 42 അര്‍ധസെഞ്ച്വറികളുമാണ് ഏകദിന ക്രിക്കറ്റില്‍ വില്യംസണ്‍ ഇതുവരെ അടിച്ചെടുത്തിട്ടുള്ളത് (Kane Williamson Stats in ODI).
- ഇഷ് സോധി
ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡ് ടീം ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന താരമാണ് അവരുടെ ലെഗ് സ്‌പിന്നര്‍ ഇഷ് സോധി (Ish Sodhi). ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സോധിയുടെ സാന്നിധ്യം കരുത്താകുമെന്ന വിലയിരുത്തലിലാണ് ബ്ലാക്ക് ക്യാപ്‌സുള്ളത്. മധ്യ ഓവറുകളില്‍ ലെഗ് സ്‌പിന്നറുടെ പ്രകടനങ്ങള്‍ ആയിരിക്കും കിവീസിന് നിര്‍ണായകമാകുക.
ഗൂഗ്ലിയാണ് സോധിയുടെ പ്രധാന വജ്രായുധം. കൂടാതെ ഫ്ലിപ്പറുകളും ലെഗ് ബ്രേക്കുമെറിഞ്ഞും എതിരാളികളെ വീഴ്‌ത്താന്‍ കഴിവുള്ള താരം കൂടിയാണ് സോധി. കരിയറില്‍ ഇതുവരെ 49 ഏകദിന മത്സരം കളിച്ചിട്ടുള്ള താരം 61 വിക്കറ്റാണ് നേടിയിട്ടുള്ളത്. 39 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയിട്ടുള്ളതാണ് സോധിയുടെ കരിയറിലെ മികച്ച പ്രകടനം.
- ട്രെന്‍റ് ബോള്‍ട്ട്
ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള കരാര്‍ ഒഴിവാക്കിയ ശേഷം ലോകകപ്പിനായി ടീമിലേക്ക് മടങ്ങിയെത്തിയ താരമാണ് ട്രെന്‍റ് ബോള്‍ട്ട് (Trent Boult). അടുത്തിടെ അവസാനിച്ച ന്യൂസിലന്‍ഡിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിലൂടെയായിരുന്നു താരം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. ഈ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബോള്‍ട്ടിന് സാധിച്ചിരുന്നു.
ഇതേ മികവ് ബോള്‍ട്ട് ലോകകപ്പിലും ആവര്‍ത്തിക്കുമെന്ന വിലയിരുത്തലിലാണ് ന്യൂസിലന്‍ഡ്. തുടക്കത്തില്‍ തന്നെ എതിരാളികളുടെ വിക്കറ്റ് നേടാനുള്ള ബോള്‍ട്ടിന്‍റെ കഴിവിലാണ് അവരുടെ പ്രധാന പ്രതീക്ഷകള്‍. ആദ്യ ഓവറുകളിലേത് പോലെ തന്നെ ഡെത്ത് ഓവറുകളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ള താരം കൂടിയാണ് ബോള്‍ട്ട്.
ന്യൂസിലന്‍ഡിനായി 104 ഏകദിന മത്സരങ്ങള്‍ കളിച്ച ബോള്‍ട്ട് 103 ഇന്നിങ്‌സില്‍ നിന്നായി 197 വിക്കറ്റാണ് നേടിയിട്ടുള്ളത്. 23.56 ശരാശരിയിലും 4.94 എക്കോണമി റേറ്റിലും പന്തെറിയുന്ന ബോള്‍ട്ടിന്‍റെ മികച്ച പ്രകടനം 34 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്‌ത്തിയതാണ്.
- മിച്ചല്‍ സാന്‍റ്‌നര്‍
പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരം ന്യൂസിലന്‍ഡിന് അനുകൂലമാക്കാന്‍ കഴിവുള്ള താരമാണ് സ്‌പിന്‍ ഓള്‍റൗണ്ടറായ മിച്ചല്‍ സാന്‍റ്‌നര്‍ (Mitchell Santner). ഐപിഎല്‍ ഉള്‍പ്പടെ കളിച്ചുള്ള മത്സര പരിചയം ഇന്ത്യയില്‍ സാന്‍റ്‌നറെ കൂടുതല്‍ അപകടകാരിയാക്കുന്നു. 94 മത്സരങ്ങളിലെ 89 ഇന്നിങ്സില്‍ ന്യൂസിലന്‍ഡിനായി പന്തെറിഞ്ഞിട്ടുള്ള താരം 91 വിക്കറ്റ് ഇതുവരെ നേടിയിട്ടുണ്ട്.
ബാറ്റുകൊണ്ടും നിര്‍ണായക പ്രകടനങ്ങള്‍ നടത്താന്‍ കെല്‍പ്പുള്ള താരം കൂടിയാണ് മിച്ചല്‍ സാന്‍റ്‌നര്‍. 71 ഇന്നിങ്‌സില്‍ നിന്നും 27.82 ശരാശരിയില്‍ 1252 റണ്‍സാണ് സാന്‍റ്‌നര്‍ നേടിയിട്ടുള്ളത്.
- ഡെവോണ്‍ കോണ്‍വെ
ബാറ്റിങ്ങില്‍ ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിന്‍റെ കീ പ്ലെയറാണ് ഡെവോണ്‍ കോണ്‍വെ (Devon Conway). സാഹചര്യത്തിന് അനുസരിച്ച് സ്‌കോര്‍ ഉയര്‍ത്തുന്ന ഡെവോണ്‍ കോണ്‍വെ വിക്കറ്റ് കീപ്പിങ്ങും ചെയ്യുന്ന താരമാണ്. സ്‌പിന്നിനെ നേരിടാനുള്ള താരത്തിന്‍റെ കരുത്തിലാണ് ടീമിന്‍റെ പ്രതീക്ഷ.
ഇന്ത്യയിലെ മത്സര പരിചയം കോണ്‍വേയ്‌ക്ക് ലോകകപ്പില്‍ മുതല്‍ക്കൂട്ടാകും. ഇതുവരെ 22 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോണ്‍വെ 46 ശരാശരിയില്‍ 874 റണ്‍സ് നേടിയിട്ടുണ്ട്. നാല് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും താരം അടിച്ചെടുത്തിട്ടുണ്ട്.