ബെംഗളൂരു : ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ സൗത്ത് സോണും നോർത്ത് സോണും തമ്മിലുള്ള സെമി ഫൈനല്‍ മത്സരം ചര്‍ച്ചയാവുന്നു. മത്സരത്തിന്‍റെ അവസാന ദിനത്തിലെ നോര്‍ത്ത് സോണിന്‍റെ 'സമയം കളയല്‍' തന്ത്രത്തിനെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. മത്സരത്തിന്‍റെ അവസാന സെഷനില്‍ 5.5 ഓവർ പന്തെറിയാന്‍ ജയന്ത് യാദവിന്‍റെ നേതൃത്വത്തിലുള്ള നോർത്ത് സോൺ 53 മിനിട്ട് നേരമാണ് എടുത്തത്.
ഇത് സൗത്ത് സോണ്‍ ബാറ്റര്‍മാരെ അമ്പരപ്പിക്കുകയും ആരാധകരെ ഏറെ നിരാശയിലാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ സൗത്ത് സോണിന്‍റെ വിജയം വൈകിപ്പിക്കാന്‍ മാത്രമാണ് നോര്‍ത്ത് സോണിന്‍റെ ഈ സമയം കളയല്‍ തന്ത്രത്തിന് കഴിഞ്ഞത്. മത്സരത്തിന്‍റെ 100 മിനിട്ടോളം മഴയെടുത്തിരുന്നു.
മഴമാറി ബാറ്റിങ് പുനരാരംഭിക്കുമ്പോള്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്‌താല്‍ വിജയമുറപ്പിക്കാമെന്ന വ്യക്തമായ ധാരണ സൗത്ത് സോണിനുണ്ടായിരുന്നു. എന്നാല്‍ നോര്‍ത്ത് സോണാവട്ടെ മിക്ക ഫീൽഡർമാരെയും ബൗണ്ടറി റോപ്പിൽ നിര്‍ത്തി. തുടര്‍ന്ന് അവസാന സെഷനിൽ എറിയുന്ന ഓരോ പന്തിലും ഫീൽഡില്‍ മാറ്റം വരുത്തി സമയം കളയുകയും ചെയ്‌തു.
ഇതോടെ വിജയത്തിനായി വേണ്ടിവന്ന 32 റൺസ് 5.5 ഓവറില്‍ എടുത്തെങ്കിലും അതിനായി 53 മിനിട്ട് സമയമാണ് വേണ്ടിവന്നത്. ഇതില്‍ ആദ്യ മൂന്ന് ഓവറുകള്‍ എറിഞ്ഞ് തീര്‍ക്കാന്‍ 10 മിനിട്ട് വീതം നേരമാണ് സൗത്ത് സോണ്‍ എടുത്തത്. നാലാം ഓവര്‍ പൂര്‍ത്തിയാക്കാന്‍ 12 മിനിട്ടും അഞ്ചാം ഓവറിലെ അഞ്ച് പന്തുകള്‍ എറിയാന്‍ ഏഴ് മിനിട്ടും സമയമാണ് ടീം എടുത്തത്.
പലകോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ടെങ്കിലും മത്സരശേഷം സംസാരിച്ച സൗത്ത് സോൺ ക്യാപ്റ്റൻ ഹനുമ വിഹാരി നേര്‍ത്ത് സോണിന്‍റെ തന്ത്രത്തെക്കുറിച്ച് വളരെ പോസിറ്റീവ് ആയാണ് സംസാരിച്ചത്. ജയന്ത് യാദവിന്‍റെ സ്ഥാനത്ത് താനായിരുന്നെങ്കിലും ഇതുതന്നെയാവും ചെയ്യുകയെന്നായിരുന്നു ഹനുമ വിഹാരിയുടെ വാക്കുകള്‍.
"അവസാന കുറച്ച് ഓവറുകളിൽ ഒരു ടീം കാലതാമസം വരുത്താൻ ശ്രമിക്കുന്ന നിരവധി മത്സരങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. കാരണം ചിലപ്പോഴെക്കെ അത് വലിയ നേട്ടമാണ് നല്‍കുക. ഇക്കാര്യത്തില്‍ അവരുടെ ഭാഗത്ത് ഒരു തെറ്റുമില്ല. ഇത് കളിയുടെ സ്പിരിറ്റിന് യോജിച്ചതല്ലെന്ന് ചിലർ പറയും. ഒരു പക്ഷേ, ഞാനായിരുന്നു അവരുടെ ക്യാപ്റ്റനെങ്കിലും ഇതുതന്നെയാവും ചെയ്യുക" - മത്സര ശേഷം ഹനുമ വിഹാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം മത്സരത്തില്‍ രണ്ട് വിക്കറ്റിന് വിജയിച്ച സൗത്ത് സോണ്‍ ഫൈനലിന് യോഗ്യത നേടിയിരുന്നു. ടൂര്‍ണമെന്‍റിലെ ഫൈനലില്‍ പ്രിയങ്ക് പഞ്ചാൽ നയിക്കുന്ന വെസ്റ്റ് സോണാണ് സൗത്ത് സോണിന്‍റെ എതിരാളി.
ALSO READ: IND W vs BAN W | മിന്നു മണിക്ക് അരങ്ങേറ്റം ; ബംഗ്ലാദേശിനെതിരെ ബോളിങ് തെരഞ്ഞെടുത്ത് ഇന്ത്യ
സെമിയില്‍ സെന്‍ട്രല്‍ സോണിനെ മറികടന്നാണ് വെസ്റ്റ് സോണ്‍ എത്തുന്നത്. സെന്‍ട്രല്‍ സോണിനെതിരായ സെമി ഫൈനല്‍ മത്സരം സമനിലയില്‍ അവസാനിച്ചുവെങ്കിലും ആദ്യ ഇന്നിങ്‌സില്‍ നേടിയ ലീഡാണ് വെസ്റ്റ് സോണിന് തുണയായത്.