1983-ന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ച വര്‍ഷമായിരുന്നു 2011. എംഎസ് ധോണിയെന്ന നായകന് കീഴില്‍ സച്ചിനും ഗംഭീറും യുവിയും സഹീര്‍ ഖാനുമെല്ലാം ഒരൊറ്റ ലക്ഷ്യത്തിനായി പോരാടി. നുവാന്‍ കുലശേഖരയെന്ന ശ്രീലങ്കന്‍ പേസറെ വാങ്കഡെ സ്റ്റേഡിയത്തിന്‍റെ ഗാലറിയിലേക്ക് അടിച്ചുപറത്തിയ ധോണിയെ ഇന്നും ഇന്ത്യന്‍ ആരാധകര്‍ ഓര്‍ക്കുന്നുണ്ട്.
അന്നത്തേക്കാള്‍ ആധികാരികമാണ് ഇപ്രാവശ്യം രോഹിത് ശര്‍മയുടെയും സംഘത്തിന്‍റെയും ഈ ലോകകപ്പിലെ (Cricket World Cup 2023) കുതിപ്പ്. കഴിഞ്ഞ രണ്ട് പ്രാവശ്യവും കൈവിട്ട കിരീടം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ പോരടിക്കുന്നതും. ഇനി മുന്നിലുള്ളത് രണ്ട് മത്സരങ്ങള്‍ മാത്രമാണ്, അതില്‍ രണ്ടിലും ജയിച്ചാല്‍ കപില്‍ ദേവ്, എംഎസ് ധോണി എന്നീ ഇതിഹാസ നായകന്മാര്‍ക്കൊപ്പം വിശ്വകിരീടത്തില്‍ ചുംബിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്‌റ്റനായി രോഹിത് ശര്‍മയ്‌ക്ക് മാറാം.
ലോകകപ്പില്‍ ഇന്ത്യയെന്ന 'ഫേവറിറ്റ്‌സ്': പ്രാഥമിക റൗണ്ടില്‍ കളിച്ചത് ഒന്‍പത് മത്സരം. അതില്‍ എല്ലാത്തിലും ജയം. ഈയൊരൊറ്റ കാരണം കൊണ്ടല്ല ലോകകപ്പിന്‍റെ ഫേവറിറ്റ്‌സായി ഇന്ത്യ മാറിയത്.
ആധികാരികമായിരുന്നു ലോകകപ്പില്‍ ഇന്ത്യയുടെ ഓരോ ജയവും. ഒരു മത്സരം എങ്ങനെയെല്ലാം സ്വന്തമാക്കാന്‍ സാധിക്കുമോ അതിലൂടെയെല്ലാമാണ് ഇന്ത്യ കളികളെല്ലാം ജയിച്ചത്. അതും എതിരാളികള്‍ക്ക് ഒരു സാധ്യതകളും കല്‍പ്പിക്കാതെയായിരുന്നു ഇന്ത്യയുടെ ജയങ്ങള്‍.
ലോകകപ്പിലെ ആദ്യ അഞ്ച് മത്സരങ്ങളിലും റണ്‍ ചേസ് ചെയ്‌തായിരുന്നു ഇന്ത്യയുടെ വിജയം. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് എന്നീ ടീമുകളെല്ലാം ഇന്ത്യയ്‌ക്ക് മുന്നില്‍ വീണു. വാസ്‌തവത്തില്‍ എതിരാളികളെയെല്ലാം എറിഞ്ഞൊതുക്കി കൊണ്ടാണ് ഇന്ത്യ ജയം പിടിച്ചതെന്ന് പറയാം.
ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്ന വിക്കറ്റുകളില്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഗംഭീരമായി തന്നെ പന്തെറിയാന്‍ സാധിച്ചു. ഈ ലോകകപ്പില്‍ എതിരാളികളെ ഒരൊറ്റ മത്സരത്തില്‍ പോലും 300 കടത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ സമ്മതിച്ചില്ല. അഞ്ചാമത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡ് നേടിയ 273 റണ്‍സാണ് ഇന്ത്യയ്‌ക്കെതിരെ ഒരു ടീമിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.
പിഴവുകളൊന്നും വരുത്താതെയാണ് ഇന്ത്യയുടെ ബാറ്റര്‍മാരും ടീമിനായി കളത്തിലിറങ്ങിയത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ തുടക്കത്തില്‍ ഒന്ന് പതറിയെങ്കിലും പിന്നീട് അത്തരം തെറ്റുകള്‍ വരുത്താതെ തന്നെ ബാറ്റ് വീശാന്‍ അവര്‍ക്കായി. വിരാട് കോലി, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ അങ്ങനെ എല്ലാ പ്രധാനപ്പെട്ട താരങ്ങളും മികവ് കാട്ടി.
ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് ഇന്ത്യ ആദ്യമായി ബാറ്റ് ചെയ്യാനെത്തുന്നത്. നായകന്‍ രോഹിത് ശര്‍മ ബാറ്റ് കൊണ്ടും മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ ഇന്ത്യയ്‌ക്ക് നേടാനായത് 229 റണ്‍സ് മാത്രം. രണ്ടാം ഇന്നിങ്‌സില്‍ മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബുംറയും കത്തിക്കയറിയപ്പോള്‍ ഇംഗ്ലണ്ട് ടീം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.
ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെതിരായ 100 റണ്‍സ് വിജയത്തോടെ ഏത് ചെറിയ സ്കോറും പ്രതിരോധിക്കാന്‍ തങ്ങള്‍ക്കാകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഇന്ത്യ. പിന്നീട് ആദ്യം ബാറ്റ് ചെയ്‌ത മത്സരങ്ങളിലെല്ലാം 300 റണ്‍സിന് മുകളില്‍ സ്കോര്‍ കണ്ടെത്തി എതിരാളികളെ ചെറിയ സ്കോറില്‍ എറിഞ്ഞിടാനും ഇന്ത്യയ്‌ക്കായി.
രോഹിതിന്‍റെ വെടിക്കെട്ട്, ആങ്കര്‍മാനായി വിരാട് കോലി: ലോകകപ്പില്‍ ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ടീമിനായി കാഴ്‌ചവച്ചത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും, ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് ടീമിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങ് പലപ്പോഴും ഇന്ത്യന്‍ സ്കോറിങ്ങിന് അടിത്തറ പാകുകയാണുണ്ടായത്.
കൂടാതെ ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിനെ ഡബിള്‍ സ്ട്രോങ്ങാക്കി മാറ്റിയത് വിരാട് കോലിയുടെ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനങ്ങളാണ്. മൂന്നാം നമ്പറില്‍ ക്രീസിലെത്തി നിലയുറപ്പിച്ച് കളിക്കുന്ന കോലി ടീമില്‍ തന്‍റെ റോള്‍ ഓരോ മത്സരങ്ങളിലൂടെയും കൃത്യമായി തന്നെ നിര്‍വഹിച്ചു. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും താളം കണ്ടെത്തി. രാഹുലും സൂര്യയും മികവിലേക്ക് ഉയര്‍ന്നതോടെ എതിര്‍ ടീം ബൗളര്‍മാര്‍ക്ക് എതിരെയും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ആധിപത്യം പുലര്‍ത്താനായി.
എറിഞ്ഞൊതുക്കിയ ബൗളര്‍മാര്‍: പരിക്കേറ്റ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെയാണ് ഇന്ത്യന്‍ ബൗളിങ് യൂണിറ്റ് എതിരാളികള്‍ മനസിലാക്കുന്നത്. ജസ്‌പ്രീത് ബുംറയ്‌ക്കും മുഹമ്മദ് സിറാജിനുമൊപ്പം മുഹമ്മദ് ഷമി ടീമിലേക്ക് എത്തുന്നു. ആദ്യ സ്പെല്ലുകളില്‍ ബുംറയും സിറാജും ബൗളര്‍മാരെയൊന്ന് വിറപ്പിക്കും.
കിട്ടുന്ന അവസരത്തില്‍ സിറാജിനെ തല്ലാന്‍ എതിരാളികള്‍ ഒരുങ്ങുമ്പോള്‍ നായകന്‍ ഷമിയെ പന്തേല്‍പ്പിക്കും. പന്തെറിയാനെത്തുമ്പോഴെല്ലാം നായകന്‍റെ വിശ്വാസം കാക്കാന്‍ ഷമിക്കും സാധിച്ചു. പേസര്‍മാര്‍ക്കൊപ്പം തന്നെ എതിരാളികളെ കറക്കി വീഴ്‌ത്താന്‍ മിടുക്കരായിരുന്നു രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും.
ആശങ്ക അതുമാത്രം: ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി ഏത് ഘട്ടത്തിലും ഡിപ്പെന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെ പോലൊരു താരത്തിന്‍റെ അഭാവമാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി അക്‌സര്‍ പട്ടേലിനെയോ വാഷിങ്ടണ്‍ സുന്ദറിനെയോ പോലൊരു ഓള്‍റൗണ്ടറെ ആയിരുന്നു ടീം ഇന്ത്യ പരിഗണിക്കേണ്ടിയിരുന്നത്. നിലവില്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും മികവിലാണ് ഇന്ത്യയുടെ കുതിപ്പ്.
ഇവരില്‍ ആരെയെങ്കിലും കിവീസ് പൂട്ടിയാല്‍ ഇന്ത്യയുടെ പദ്ധതികളെല്ലാം തന്നെ തകിടം മറിയും. ആദ്യ മത്സരത്തില്‍ തകര്‍ച്ചയുടെ വക്കില്‍ നിന്നും ഇന്ത്യ രക്ഷപ്പെട്ട് പോകുകയായിരുന്നു. ആ മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ വിരാട് കോലിയുടെ ക്യാച്ച് മിച്ചല്‍ മാര്‍ഷ് കൈപ്പിടിയിലൊതുക്കിയിരുന്നെങ്കില്‍ കളിയുടെ വിധി തന്നെ മറ്റൊന്ന് ആകുമായിരുന്നു.
Also Read: ചിന്നസ്വാമിയില്‍ ഇന്ത്യയ്‌ക്കായി പന്തെറിഞ്ഞത് 9 പേര്‍...! കാരണം വെളിപ്പെടുത്തി നായകന്‍ രോഹിത് ശര്‍മ