അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പിൽ ബംഗ്ലാദേശിന്‍റെ സെമി സാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് പേസർ ടസ്‌കിൻ അഹമ്മദ്. അത്‌ഭുതങ്ങൾ സംഭവിച്ചാൽ ബംഗ്ലാദേശ് സെമിയിൽ പ്രവേശിക്കുമെന്നും അവസാന മത്സരത്തിലും ആത്മാർഥതയോടെ തന്നെ കളിക്കുമെന്നും ടസ്‌കിൻ വ്യക്‌തമാക്കി. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്‍റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ബംഗ്ലാദേശ്.
'ഗ്രൂപ്പിലേക്ക് നോക്കൂ. എത്ര ത്രില്ലിങ്ങായിട്ടാണ് മത്സരങ്ങൾ അവസാനിക്കുന്നത്. എന്ത് വേണമെങ്കിലും സംഭവിക്കാം എന്ന നിലയിലാണ് കാര്യങ്ങൾ. അത്‌ഭുതങ്ങൾ സംഭവിച്ചാൽ ബംഗ്ലാദേശും സെമിയിൽ കടക്കും. അവസാന മത്സരത്തിലും ഞങ്ങൾ ആത്മാർഥതയോടെ തന്നെ കളിക്കും. പാകിസ്ഥാനെതിരായ മത്സരം ജയിക്കുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. മറ്റ് കണക്കുകൂട്ടലുകളെല്ലാം പിന്നീട് നടത്താം'. ടസ്‌കിൻ പറഞ്ഞു.
'പാകിസ്ഥാൻ മികച്ച ടീം തന്നെയാണ്. എല്ലാ ഫോർമാറ്റിലും അവർ വളരെ ശക്‌തരാണ്. അതിനാൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ പാകിസ്ഥാനെതിരെ വിജയിക്കാൻ സാധിക്കുകയുള്ളു. ഒരോ മത്സരത്തിലും ഓരോ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പത്തേക്കാൾ മികച്ച ക്രിക്കറ്റ് പുറത്തെടുക്കാൻ ബംഗ്ലാദേശിന് ഇപ്പോൾ സാധിക്കുന്നുണ്ട്.' ടസ്‌കിൻ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യക്ക് സിംബാബ്‌വെയും, ദക്ഷിണാഫ്രിക്കയ്‌ക്ക് നെതർലൻഡുമാണ് എതിരാളികൾ. താരതമ്യേന ദുർബലരായ എതിരാളികളോട് ഇരുവരും തോൽക്കാൻ സാധ്യതയില്ല. അതിനാൽ തന്നെ ബംഗ്ലാദേശിന് കാര്യങ്ങൾ കൂടുതൽ കടുപ്പമാകും. ഒരു പക്ഷേ ഇവരിൽ ഒരാൾ പരാജയപ്പെട്ടാൽ പോലും ബംഗ്ലാദേശ് പാകിസ്ഥാനുമായുള്ള അടുത്ത മത്സരത്തിൽ വിജയിക്കണം. എന്നാൽ മാത്രമേ ബംഗ്ലാദേശിന് സെമിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു.
നാല് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുമായി ഇന്ത്യയാണ് രണ്ടാം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. അഞ്ച് പോയിന്‍റുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും നാല് പോയിന്‍റുമായി പാകിസ്ഥാൻ മൂന്നാം സ്ഥാനത്തും തുടരുന്നു. അതേസമയം നാല് പോയിന്‍റുള്ള ബംഗ്ലാദേശിന് റണ്‍റേറ്റ് തീരെ കുറവാണ്. അതിനാൽ തന്നെ പാകിസ്ഥാനെതിരെ വലിയ മാർജിനിൽ വിജയിച്ചാലേ ബംഗ്ലാദേശിന് പ്രതീക്ഷകൾ നിലനിർത്താനാകൂ.