മുംബൈ : ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന് ടി20 മത്സരങ്ങളിലേയും ഐപിഎല്ലിലേയും പ്രകടനത്തെ ആശ്രയിച്ചാകും ബിസിസിഐ ഇത്തവണ ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുക. ഒരു വര്‍ഷത്തിന് ശേഷം രോഹിത് ശര്‍മ, വിരാട് കോലി എന്നീ സീനിയര്‍ താരങ്ങള്‍ ടീമിലേക്ക് മടങ്ങിയെത്തിയതോടെ നിരവധി യുവതാരങ്ങള്‍ക്ക് വരാനിരിക്കുന്ന ഓരോ മത്സരങ്ങളും നിര്‍ണായകമായിട്ടുണ്ട്.
രോഹിത് ശര്‍മയ്‌ക്ക് കീഴിലായിരിക്കും ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ലോകകപ്പില്‍ ഇന്ത്യ കളിക്കാനിറങ്ങുക എന്നത് ഏറെക്കുറെ ഉറപ്പാണ്. ജസ്‌പ്രീത് ബുംറ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ ചില കളിക്കാരുടെ ടീമിലെ സ്ഥാനത്തിന് മാത്രമാണ് നിലവില്‍ ഗ്യാരണ്ടിയുള്ളത്. മറ്റ് സ്ഥാനങ്ങളിലേക്ക് ആരെല്ലാം എത്തുമെന്ന ചര്‍ച്ച ഇതിനോടകം തന്നെ ആരാധകരും തുടങ്ങിയിട്ടുണ്ട്.
ടി20 ലോകകപ്പിന് ഇന്ത്യ ഇറങ്ങുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ആര് ടീമിലെത്തണം എന്ന കാര്യമാണ് പൊതുവെ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരുടെ പേരുകളാണ് നിലവില്‍ ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍, ടി20 ലോകകപ്പിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ഒന്നാം വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് ടീമിലേക്ക് എത്തണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍.
'ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി എത്താന്‍ അര്‍ഹനായ ഒരാളാണ് കെഎല്‍ രാഹുല്‍. എന്നാല്‍, എന്‍റെ അഭിപ്രായത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ ആ റോള്‍ റിഷഭ് പന്തിനായിരിക്കും കൂടുതല്‍ ചേരുന്നത്. ഏത് ഫോര്‍മാറ്റായാലും പന്ത് ഒരു ഗെയിം ചേഞ്ചറാണ്.
സെലക്‌ടറായി ഞാന്‍ ആണ് ഉള്ളതെങ്കില്‍ ആദ്യം നിര്‍ദേശിക്കുന്നത് പന്തിന്‍റെ പേരായിരിക്കും. പന്ത് ഇല്ലെങ്കില്‍ ആയിരിക്കും കെഎല്‍ രാഹുലിനെ പരിഗണിക്കുന്നത്. രാഹുലിനെ ഉള്‍പ്പെടുത്തുന്നതിലൂടെ ടീമിന്‍റെ ബാലന്‍സ് നിലനിര്‍ത്താന്‍ സാധിക്കും. ഓപ്പണര്‍, മിഡില്‍ ഓര്‍ഡര്‍, ഫിനിഷര്‍ അങ്ങനെ ഏത് റോളില്‍ വേണമെങ്കിലും രാഹുലിനെ കളിപ്പിക്കാന്‍ സാധിക്കുന്നതാണ്' - ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
Also Read : അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20, വിക്കറ്റിന് പിന്നില്‍ 'അവസരം' കാത്ത് സഞ്ജുവും ജിതേഷും
2022 ഡിസംബറിലെ വാഹനാപകടത്തിന് പിന്നാലെ ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് നിലവില്‍ റിഷഭ് പന്ത്. ഐപിഎല്ലോടെ പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കുന്ന താരം ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കാനിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് സുനില്‍ ഗവാസ്‌കറുടെ പ്രതികരണം.