പെര്‍ത്ത്: ടി20 ലോകകപ്പിന് മുന്നോടിയുള്ള പരിശീലന മത്സരത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യക്ക് ജയം. 13 റണ്‍സിനാണ് ഇന്ത്യ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയ്‌ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 58 റണ്‍സ് നേടിയ സാം ഫാന്നിങ്ങാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്കോറര്‍. പവര്‍പ്ലേയില്‍ 29 റണ്‍സിന് നാല് ഓസീസ് ബാറ്റര്‍മാരെ ഇന്ത്യ കൂടാരം കയറ്റിയിരുന്നു.
ഇന്ത്യയ്‌ക്ക് അര്‍ഷ്‌ദീപ് സിങ് മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി.
തകർത്തടിച്ച് സൂര്യ: ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയെ സൂര്യകുമാര്‍ യാദവിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 35 പന്തില്‍ മൂന്ന് വീതം സിക്‌സുകളും ഫോറും സഹിതം 52 റണ്‍സാണ് സൂര്യ നേടിയത്. ഹാര്‍ദിക് പാണ്ഡ്യ (29), ദീപക് ഹൂഡ (22), ദിനേശ് കാര്‍ത്തിക് (19) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. രാഹുലിന് പകരം റിഷഭ് പന്താണ് രോഹിത്തിനൊപ്പം ഓപ്പണിങ്ങിനെത്തിയത്. എന്നാല്‍ ഇരുവരും നിരാശപ്പെടുത്തി.
മൂന്ന് റണ്‍സാണ് രോഹിത് നേടിയത്. 17 പന്തുകള്‍ നേരിട്ട റിഷഭിനാവട്ടെ വെറും ഒമ്പത് റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കായി ജേസന്‍ ബഹ്‌റന്‍ഡോര്‍ഫ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.