ദുബൈ: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ സ്‌കോട്‌ലന്‍ഡിന് 173 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സെടുത്തത്.
തകര്‍ത്തടിച്ച ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്‍റെ പ്രകടനമാണ് കിവീസിന് കരുത്തായത്. ആറ് ഫോറുകളും ഏഴ് സിക്‌സും സഹിതം 56 പന്തില്‍ 93 റണ്‍സാണ് താരം അടിച്ചെടുത്തത്. ഗ്ലെന്‍ ഫിലിപ് 37 പന്തില്‍ 33 റണ്‍സെടുത്തു. ഡാരില്‍ മിച്ചല്‍ (13), ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (0), ദേവോണ്‍ കോണ്‍വേ (1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
ജെയിംസ് നീഷാം (10), മിച്ചൽ സാന്‍റ്‌നര്‍ (2) എന്നിവര്‍ പുറത്താവാതെ നിന്നു. സ്‌കോട്‌ലന്‍ഡിനായി സഫ്യാൻ ഷരീഫ് നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങിയും ബ്രാഡ്‌ലി വീല്‍ 40 റണ്‍സ് വിട്ടുകൊടുത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മാര്‍ക്ക് വാട്ട് ഒരു വിക്കറ്റും സ്വന്തമാക്കി.
അതേസമയം ഇന്ത്യക്കെതിരായ ടീമിനെ നിലനിര്‍ത്തിയാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. മറുവശത്ത് മുന്‍ മത്സരത്തിലെ ടീമില്‍ നിന്നും സ്‌കോട്‌ലന്‍ഡ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ജോഷ് ഡേവിക്ക് പകരം അള്‍സ്‌ഡൈര്‍ ഇവാന്‍സും ക്രെയ്ഗ് വല്ലാകെയ്‌ക്ക് പകരം ക്യാപ്റ്റന്‍ കെയ്ൽ കോറ്റ്സറും ടീമില്‍ ഇടം പിടിച്ചു.