ന്യൂഡല്‍ഹി: ഏഷ്യ കപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ തുടക്കത്തിനായാണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്ക് ഇറങ്ങിയത്. എന്നാല്‍ ആദ്യ മത്സത്തില്‍ നിരാശയായിരുന്നു രോഹിത് ശര്‍മയേയും സംഘത്തേയും കാത്തിരുന്നത്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 209 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഉയര്‍ത്തിയത്.
എന്നാല്‍ പ്രധാന ബോളര്‍മാരെല്ലാം ചെണ്ടയായതോടെ നാല് വിക്കറ്റിന്‍റെ തോല്‍വിയേറ്റു വാങ്ങേണ്ടി വന്നു. കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ വലിയ പ്രതീക്ഷ വേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
ഇന്ത്യയുടെ ബോളിങ് യൂണിറ്റിലെ പ്രശ്‌നങ്ങള്‍ ജസ്‌പ്രീത് ബുംറ തിരിച്ചെത്തിയാല്‍ മാത്രം തീരുന്നതല്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി. "ഹര്‍ഷലും ബുംറയും തിരിച്ചെത്തുമ്പോള്‍ എല്ലാം ശരിയാവുമെന്നാണ് നമ്മള്‍ പറയുന്നത്. എന്നാല്‍ അത് അങ്ങനെ സംഭവിക്കുന്നില്ല. ഇതാണ് ജീവിതത്തിലെ സങ്കടകരമായ യാഥാർത്ഥ്യം.
ബുംറ മുംബൈ ഇന്ത്യൻസ് ടീമിലുണ്ടായിരുന്നു. മറ്റുള്ളവർ നന്നായി ബോള്‍ ചെയ്യാതിരുന്നതോടെ ഈ വർഷം മുംബൈക്ക് എന്ത് സംഭവിച്ചുവെന്ന് നോക്കുക. ഒരു മത്സരത്തിൽ നിങ്ങൾക്ക് അഞ്ച് മുതൽ ആറ് വരെ വിക്കറ്റുകൾ നേടാം, എന്നാല്‍ ബാക്കിയുള്ള ദിവസങ്ങളിൽ ഇത്രയും വിക്കറ്റുകൾ ലഭിക്കില്ല". ചോപ്ര പറഞ്ഞു.
"എന്‍റെ അഭിപ്രായത്തിൽ, ഇന്ത്യൻ ബോളിങ് വളരെ ദുർബലമാണ്. വിക്കറ്റ് വീഴ്‌ത്താനുള്ള ഓപ്‌ഷനുകളില്ല. യുസ്‌വേന്ദ്ര ചാഹൽ വേഗത്തിൽ പന്തെറിയുന്നത് തുടരുകയാണ്. അവന്‍ സ്ലോ ബോളുകള്‍ എറിയുന്നില്ല. ഏഷ്യ കപ്പിലും ഇതുതന്നെയായിരുന്നു സ്ഥിതി. സ്ലോ ബോളുകള്‍ എറിയുന്നില്ലെങ്കില്‍ നിങ്ങൾക്ക് എങ്ങനെ വിക്കറ്റ് ലഭിക്കും? " ചോപ്ര ചോദിച്ചു.
"ഇന്ത്യയ്ക്ക് ദുർബലമായ ബൗളിങ് നിരയാണ് ഉള്ളത് എന്നതാണ് യാഥാർത്ഥ്യം. ഈ ലൈനപ്പിനൊപ്പം ലോകകപ്പ് നേടാനുള്ള പ്രതീക്ഷകൾ കുറയുന്നു. നിങ്ങൾക്ക് 208 പ്രതിരോധിക്കാൻ കഴിയുന്നില്ലെങ്കിൽ, കാര്യങ്ങൾ ബുദ്ധിമുട്ടാണ്. പ്രധാന നാല് താരങ്ങള്‍ ഇല്ലാതെയാണ് ഓസ്‌ട്രേലിയ കളിക്കുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്" ചോപ്ര കൂട്ടിച്ചേര്‍ത്തു.