മെല്‍ബണ്‍: ടി20 ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ ബംഗ്ലാദേശിനെതിരായ വിജയത്തോടെ സെമി ഫൈനൽ യോഗ്യതയ്‌ക്ക് അരികിലെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അവസാന നാലില്‍ ഒരു സ്ഥാനം ഉറപ്പിക്കാന്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഗ്രൂപ്പില്‍ പോയിന്‍റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ മാത്രമാണ് സെമിയ്‌ക്ക് യോഗ്യത നേടുക.
ഈ സ്ഥാനത്തിനായി പാകിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ഇന്ത്യയ്‌ക്ക് ഒപ്പം മത്സരിക്കുന്നത്. തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ വിജയിക്കാന്‍ കഴിഞ്ഞാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യയ്‌ക്ക് നോക്കൗട്ട് ഉറപ്പിക്കാം. എന്നാല്‍ മഴ ഏറെ വില്ലനാവുന്ന ലോകകപ്പാണ് ഇത്തവണത്തേത്.
മഴയെത്തുടര്‍ന്ന് ഗ്രൂപ്പ് ഘട്ടത്തിലെ ചില മത്സരങ്ങള്‍ തടസപ്പെടുകയും പൂര്‍ണമായും റദ്ദാക്കുകയും ചെയ്യുകയും ചെയ്‌തിരുന്നു. ഇതോടെ സിംബാബ്‌വെയ്‌ക്ക് എതിരായ മത്സരം മഴയെടുക്കുകയാണെങ്കില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത പരിശോധിക്കാം.
നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യയ്‌ക്ക് ആറ് പോയിന്‍റാണുള്ളത്. ദക്ഷിണാഫ്രിക്ക (അഞ്ച് പോയിന്‍റ്), പാകിസ്ഥാന്‍, ബംഗ്ലാദേശ് (നാല് വീതം പോയിന്‍റ്) എന്നിവരാണ് യഥാക്രമം പിന്നിലുള്ളത്. ഇന്ത്യ vs സിംബാബ്‌വെ മത്സരം മഴയെടുത്താല്‍ ഇരു ടീമുകള്‍ക്കും ഒരോ പോയിന്‍റ് വീതം ലഭിക്കും. ഇതോടെ ഏഴ് പോയിന്‍റുമായി ഇന്ത്യയ്‌ക്ക് സെമിയുറപ്പിക്കാം.
എന്നാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായുള്ള മുന്നേറ്റം സാധ്യമാവുമെന്നുറപ്പില്ല. കാരണം അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതർലൻഡ്‌സിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ മെച്ചപ്പെട്ട നെറ്റ് റൺ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പ്രോട്ടീസിന് ഇന്ത്യയെ മറികടക്കാന്‍ അവസരം ലഭിക്കും. നെതർലൻഡ്‌സ് പ്രോട്ടീസിനെ തോല്‍പ്പിക്കുകയാണെങ്കില്‍ മാത്രമേ ബംഗ്ലാദേശ് vs പാകിസ്ഥാന്‍ മത്സരത്തിലെ വിജയിക്ക് സെമി ഫൈനല്‍ സാധ്യതയൊള്ളു.
അതേസമയം ഇന്ത്യ vs സിംബാബ്‌വെ മത്സരത്തിന് മഴ ഭീഷണിയില്ലെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് 1.30ന് മെല്‍ബണിലാണ് മത്സരം ആരംഭിക്കുക.
also read: 'അങ്ങനെയെങ്കില്‍ ഇന്ത്യയ്ക്ക് സെമി കളിക്കാന്‍ യോഗ്യതയില്ല'; തുറന്നടിച്ച് ഇര്‍ഫാന്‍ പഠാന്‍