മുംബൈ: ടി20 ലോകകപ്പില്‍ നിന്നുമുള്ള നിരാശജനകമായ പുറത്താവലിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് മുറവിളി ഉയരുന്നുണ്ട്. മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ടീമിലെ സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ എണ്ണം കുറയ്‌ക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.
ടീം ഇന്ത്യക്ക് മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് ള്ളപ്പോള്‍, മറ്റൊരു ബാറ്റിങ് കോച്ചിന്‍റെ ആവശ്യമില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. സപ്പോർട്ടിങ് സ്റ്റാഫായി നിരവധി പേരുള്ളത് ഡ്രസ്സിങ് റൂമില്‍ ആശയക്കുഴപ്പത്തിന് കാരണമാവുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.
"എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ രാഹുൽ ദ്രാവിഡ് ഉള്ളപ്പോൾ നിങ്ങൾക്ക് മറ്റൊരു ബാറ്റിങ് കോച്ചിന്‍റെ ആവശ്യമില്ല. ദ്രാവിഡ് എന്തെങ്കിലും പറയുകയും, ബാറ്റിങ് പരിശീലകനായ വിക്രം റാത്തോർ മറ്റെന്തെങ്കിലും പറയുകയും ചെയ്യുമ്പോൾ കളിക്കാര്‍ ആശയക്കുഴപ്പത്തിലാകും. നിങ്ങൾ ഇത് മനസ്സിലാക്കണം.
നിങ്ങൾക്ക് സപ്പോർട്ട് സ്റ്റാഫിൽ കൂടുതൽ അംഗങ്ങളെ ആവശ്യമില്ലെങ്കിൽ, അവരെ ടീമിനൊപ്പം അയക്കരുത്. ആവശ്യമുള്ളവരെ മാത്രം ടീമിനൊപ്പം അയയ്‌ക്കുകയാണ് ചെയ്യേണ്ടത്". ഗവാസ്‌കർ പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ കളിക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സപ്പോര്‍ട്ടിങ് സ്റ്റാഫുകളുള്ളത് തന്നെ അത്ഭുതപ്പെടുത്തുന്നതായും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. "1983 ലോകകപ്പിൽ ഞങ്ങൾക്ക് ഒരു പരിശീലകനാണുണ്ടായിരുന്നത്. 1985ലും അതുപോലെ തന്നെ.
2011ൽ ടീം വിജയിച്ചപ്പോൾ, അധികം ആളുകളില്ലായിരുന്നു. സപ്പോർട്ട് സ്റ്റാഫുകളുടെ എണ്ണം ടീം അംഗങ്ങളേക്കാൾ കൂടുതലാണെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ആരെയാണ് കേൾക്കേണ്ടതെന്ന ആശയക്കുഴപ്പത്തിലേക്കാണ് ഇതു കളിക്കാരെ എത്തിക്കുന്നത്." ഗവാസ്‌കര്‍ വ്യക്തമാക്കി.
ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ഇംഗ്ലണ്ട് കിരീടം നേടിയിരുന്നു. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലീഷ് സംഘത്തിന്‍റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്.
also read: 'ഹലോ വെല്ലിങ്‌ടണ്‍' എന്ന് സൂര്യയുടെ ട്വീറ്റ്; വിളി കേട്ട് ഓസീസ് താരം അമാൻഡ വെല്ലിങ്‌ടൺ