ലാഹോര്‍: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങി പുറത്തായ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയ്‌ബ് അക്തര്‍. ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ കളിക്കാനുള്ള യോഗ്യത ഇന്ത്യയ്‌ക്കുണ്ടായിരുന്നില്ലെന്ന് അക്തര്‍ പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അക്തറിന്‍റെ പ്രതികരണം.
"ഇന്ത്യയുടെ ടീമിൽ എക്‌സ്‌പ്രസ് ഫാസ്റ്റ് ബോളർമാരോ കട്ട് ത്രോട്ട് സ്‌പിന്നർമാരോ ഇല്ല. അവരുടെ ടീം തെരഞ്ഞെടുപ്പ് ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു. ബോളര്‍മാര്‍ ക്രൂരമായാണ് അടി വാങ്ങിയത്.
സാഹചര്യങ്ങൾ അനുയോജ്യമല്ലെങ്കിൽ ഇന്ത്യൻ പേസർമാർക്ക് മികച്ച പ്രകടനം നടത്താൻ കഴിയില്ല. ഇന്ത്യയുടേത് വളരെ നിരാശാജനകമായ പ്രകടനമായിരുന്നു. മെല്‍ബണിലെ ഫൈനലിൽ ഞങ്ങളെ (പാകിസ്ഥാനെ) നേരിടാന്‍ അവര്‍ അർഹരല്ല. അവരുടെ ക്രിക്കറ്റ് ഇന്ന് തുറന്നുകാട്ടപ്പെട്ടു", അക്‌തര്‍ പറഞ്ഞു.
സിംബാബ്‌വെ, നെതർലൻഡ്‌സ് തുടങ്ങിയ ടീമുകളെ തോൽപ്പിച്ച് സെമിയിലെത്തുന്നത് വലിയ കാര്യമല്ലെന്നും അക്തര്‍ കുട്ടിച്ചേര്‍ത്തു. "സെമിയിലെത്തുകയെന്നത് വളരെ പ്രയാസമുള്ള ഒന്നായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ നാല് എതിരാളികളാണുണ്ടായിരുന്നത്.
നിങ്ങൾ നെതർലൻഡിനെയും സിംബാബ്‌വെയേയും തോൽപിച്ചു. അതൊന്നും വലിയ കാര്യമല്ല. ഇന്ത്യ അവരുടെ നേതൃത്വത്തെ നോക്കേണ്ടതുണ്ട്. മാനേജ്മെന്‍റ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്.
മറ്റ് മികച്ച പേസർമാരുണ്ടായിട്ടും അവർ മുഹമ്മദ് ഷമിക്കൊപ്പം പോയത് ആശയക്കുഴപ്പമുണ്ടാക്കുന്ന തെരഞ്ഞെടുപ്പായിരുന്നു", അക്തര്‍ വ്യക്തമാക്കി.
അതേസമയം ടൂര്‍ണമെന്‍റില്‍ പുറത്താവലിന്‍റെ വക്കില്‍ നിന്നാണ് പാകിസ്ഥാന്‍ സെമിയുറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടും സിംബാബ്‌വെയോടും തോറ്റ പാകിസ്ഥാന് ദക്ഷിണാഫ്രിക്കയെ നെതർലൻഡ്‌സ് അട്ടിമറിച്ചതാണ് മുന്നോട്ടുള്ള വഴി തുറന്നത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ചാമ്പ്യന്മാരായിരുന്നു ഇന്ത്യ.
also read: 'ഓഫ് സ്‌പിന്‍ മാത്രം എറിയാന്‍ അറിയാത്ത ഓഫ് സ്‌പിന്നര്‍; അശ്വിനെ പരിഹസിച്ച് ഡാനിഷ് കനേരിയ