ബാര്‍ബഡോസ് : വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഫില്‍ സിമണ്‍സ്. ലോകകപ്പിലെ ആദ്യ റൗണ്ടില്‍ ടീം പുറത്തായതിന് പിന്നാലെയാണ് തീരുമാനം. അടുത്തമാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടെസ്‌റ്റ് പരമ്പരയിലാകും സിമണ്‍സ് പരിശീലിപ്പിക്കുന്ന വിന്‍ഡീസ് ടീം അവസാനമായി കളിക്കുക.
ലോകകപ്പിലെ തോല്‍വി ടീമിനെ മാത്രമല്ല, ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളേയും വേദനിപ്പിക്കുന്നതാണ്. ഇത് നിരാശാജനകവും ഹൃദയഭേദകവുമാണ്. ഞങ്ങള്‍ വേണ്ടത്ര മികച്ചവരായിരുന്നില്ല. ഇപ്പോള്‍ ഞങ്ങളുടെ പങ്കാളിത്തമില്ലാതെ ഒരു ടൂര്‍ണമെന്‍റ് കാണേണ്ടി വന്നതില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നെന്നും ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ സിമണ്‍സ് അഭിപ്രായപ്പെട്ടു.
2016ല്‍ വെസ്‌റ്റ് ഇന്‍ഡീസ് രണ്ടാം ടി20 ലോകകപ്പ് നേടിയത് ഫില്‍ സിമണ്‍സിന് കീഴിലായിരുന്നു. തുടര്‍ന്ന് പരിശീലക സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട അദ്ദേഹം 2019ലാണ് വീണ്ടും ചുമതലയേറ്റെടുക്കുന്നത്.
ടി20 ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനോട് പരാജയപ്പെട്ടാണ് വിന്‍ഡീസ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌കോട്ട്ലന്‍ഡിനോടും വിന്‍ഡീസ് തോല്‍വി വഴങ്ങിയിരുന്നു. ആദ്യ മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ മാത്രമാണ് വെസ്‌റ്റ് ഇന്‍ഡീസിന് വിജയിക്കാനായത്.