മുംബൈ: ടി20 ലോകകപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിന് ടീം ഇന്ത്യ നാളെ ഇറങ്ങുകയാണ്. സിംബാബ്‌വെയാണ് എതിരാളി. നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയമുള്ള ഇന്ത്യ നിലവില്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്താണ്.
ഷെവ്‌റോൺസിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ ആധികാരികമായി തന്നെ രോഹിത് ശര്‍മയുടെ സംഘത്തിന് സെമിയില്‍ പ്രവേശിക്കാം. മറിച്ചാണെങ്കില്‍ മറ്റ് ടീമുകളുടെ പോയിന്‍റും നെറ്റ് റൺ റേറ്റും ആശ്രയിച്ചാവും ഇന്ത്യയുടെ മുന്നേറ്റം. എന്നാൽ സിംബാബ്‌വെയോട് തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യക്ക് സെമി ഫൈനൽ കളിക്കാന്‍ യോഗ്യതയില്ലെന്നാണ് മുൻ താരം ഇർഫാൻ പഠാന്‍ പറയുന്നത്.
സ്റ്റാര്‍ സ്പോര്‍ട്‌സില്‍ ഇതു സംബന്ധിച്ച ഒരു ചോദ്യത്തോടാണ് ഇര്‍ഫാന്‍ പഠാന്‍റെ പ്രതികരണം. "സിംബാബ്‌വെയോട് പരാജയപ്പെടുകയാണെങ്കില്‍ നിങ്ങൾക്ക് സെമി ഫൈനൽ കളിക്കാനുള്ള യോഗ്യതയില്ല. ബോളിങ് നിര ശക്തമാണെങ്കിലും സിംബാബ്‌വെയുടെ ബാറ്റിങ് അത്ര മികച്ചതല്ല. ആധികാരികമായി തന്നെ നിങ്ങളവരെ പരാജയപ്പെടുത്തണം". ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
"ബംഗ്ലാദേശിനെതിരായ മത്സരം നമ്മൾ കണ്ടതാണ്. വളരെ ക്ലോസായ ഒരു മത്സരമായിരുന്നുവത്. ഒരുപക്ഷേ, മത്സരത്തിനിടയ്‌ക്ക് മഴ പെയ്‌തിരുന്നില്ലെങ്കിൽ മികച്ച താളത്തില്‍ കളിച്ചിരുന്ന ബംഗ്ലാദേശ് അത് പിന്തുടരാനും വിജയിക്കാനും സാധ്യതയുണ്ടായിരുന്നു. ഇക്കാരണത്താല്‍ തന്നെ എല്ലാ മത്സരങ്ങളും പ്രധാനമാണ്" പഠാന്‍ വ്യക്തമാക്കി.
പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള ഇന്ത്യയ്‌ക്ക് ആറ് പോയിന്‍റാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ഷെവ്‌റോൺസിന്‍റെ സെമി സാധ്യത ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് പോയിന്‍റ് മാത്രമാണ് സംഘത്തിനുള്ളത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് 1.30ന് മെല്‍ബണിലാണ് ഇന്ത്യ vs സിംബാബ്‌വെ പോരാട്ടം.
also read: 'നിങ്ങൾ എല്ലായ്‌പ്പോഴും ഒരു യോദ്ധാവായിരുന്നു'; കോലിയെ പ്രശംസിച്ച് മഹേല ജയവർധനെ