ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ നടന്ന ത്രിരാഷ്‌ട്ര പരമ്പര പാകിസ്ഥാന്. ഫൈനലില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിനാണ് ബാബര്‍ അസമും സംഘവും തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 163 റണ്‍സെടുത്തു.
മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 168 റണ്‍സ് നേടി വിജയം ഉറപ്പിച്ചു. 22 പന്തില്‍ 38 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മുഹമ്മദ് നവാസാണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍. 14 പന്തില്‍ 25 റണ്‍സുമായി പുറത്താവാതെ നിന്ന ഇഫ്‌തിഖര്‍ അഹമ്മദും തിളങ്ങി.
15 പന്തില്‍ 31 റണ്‍സെടുത്ത ഹൈദര്‍ അലിയും നിര്‍ണായകമായി. മുഹമ്മദ് റിസ്‌വാന്‍ (29 പന്തില്‍ 34), ബാബര്‍ അസം (14 പന്തില്‍ 15), ഷാന്‍ മസൂദ് (21 പന്തില്‍ 19), ആസിഫ് അലി (2 പന്തില്‍ 1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. കിവീസിനായി മൈക്കൽ ബ്രേസ്‌വെൽ നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ടിം സൗത്തി, ഇഷ് സോധി, ബ്ലെയർ ടിക്‌നർ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ കിവീസിന് ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനമാണ് തുണയായത്. 38 പന്തില്‍ 59 റണ്‍സാണ് വില്യംസണ്‍ നേടിയത്. ഗ്ലെന്‍ ഫിലിപ്‌സ് (29), മാര്‍ക് ചാപ്‌മാന്‍ (25), ഫിന്‍ അലന്‍ (12), ഡെവോണ്‍ കോണ്‍വെ (14), ജയിംസ് നീഷം (17), ഇഷ് സോധി (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ബ്രേസ്‌വെല്‍ (1), സൗത്തി (0) പുറത്താവാതെ നിന്നു. പാകിസ്ഥാനായി നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
Also Read: വനിത ഏഷ്യ കപ്പ്: തകര്‍പ്പന്‍ ഡാന്‍സുമായി ഫൈനല്‍ പ്രവേശനം ആഘോഷിച്ച് ലങ്കന്‍ താരങ്ങള്‍-വീഡിയോ