ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യന്‍ ടീമിന്‍റെ ഓരോ മത്സരം കഴിയുമ്പോഴും ആരാധകര്‍ കാത്തിരിക്കുന്നത് ആ കളിയിലെ മികച്ച ഫീല്‍ഡര്‍ ആരെന്ന് അറിയുന്നതിനാണ്. ലോകകപ്പിലെ ആദ്യ മത്സരം മുതല്‍ക്കാണ് ഈ പതിവ് ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ആരംഭിച്ചതും. ഇതോടെ ഫീല്‍ഡില്‍ മികച്ച പ്രകടനം നടത്താന്‍ താരങ്ങളും പരസ്‌പരം മത്സരിച്ചു.
ഇന്നലെ, നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് ശേഷവും ടീം ഇന്ത്യ ഈ പതിവ് തെറ്റിച്ചില്ല. ചിന്നസ്വാമിയില്‍ നടന്ന ഇന്ത്യ- നെതര്‍ലന്‍ഡ്‌സ് (India vs Netherlands) മത്സരത്തിന് ശേഷം മികച്ച ഫീല്‍ഡറിനുള്ള സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ് (Suryakumar Yadav Wins Best Fielder Award). രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍ എന്നിവരെ പിന്നിലാക്കിയാണ് സൂര്യ നേട്ടം സ്വന്തമാക്കിയത്.
മുന്‍പത്തേത് പോലെ വ്യത്യസ്‌തമായിട്ടായിരുന്നു ഇപ്രാവശ്യവും ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ ദിലീപ് മെഡല്‍ ജേതാവിനെ പ്രഖ്യാപിച്ചത്. ആരെല്ലാമാണ് മെഡല്‍ പരിഗണനയില്‍ ഉള്ളതെന്ന് പരിശീലകന്‍ വ്യക്തമാക്കിയത് ബിഗ് സ്ക്രീനിലൂടെയായിരുന്നു. പിന്നാലെ, ഗ്രൗണ്ട്‌സ്‌മാന്‍മാര്‍ സൂര്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, നെതര്‍ലന്‍ഡ്‌സിനെതിരായ ജയത്തോടെ സെമി ഫൈനല്‍ പ്രവേശനം ആധികാരികമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ഇന്നലെ, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരം 160 റണ്‍സിനാണ് ഇന്ത്യ സ്വന്തമാക്കിയത്. ചിന്നസ്വാമിയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 410 റണ്‍സാണ് നേടിയത്.
ശ്രേയസ് അയ്യരുടെയും കെഎല്‍ രാഹുലിന്‍റെയും സെഞ്ച്വറികളായിരുന്നു ഇന്ത്യയ്‌ക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്കായി ശുഭ്‌മാന്‍ ഗില്ലും (51) രോഹിത് ശര്‍മയും (61) മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 11.5 ഓവറില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാമനായെത്തിയ വിരാട് കോലി 56 പന്തില്‍ 51 റണ്‍സ് നേടിയാണ് മടങ്ങിയത്. നാലാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ (128) കെഎല്‍ രാഹുല്‍ (102) സഖ്യം 208 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങില്‍ 47.5 ഓവറില്‍ നെതര്‍ലന്‍ഡ്‌സ് 250 റണ്‍സില്‍ ഓള്‍ ഔട്ടാകുകയായിരുന്നു. ഇന്ത്യയ്‌ക്കായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു.
Also Read : ചിന്നസ്വാമിയില്‍ ഇന്ത്യയ്‌ക്കായി പന്തെറിഞ്ഞത് 9 പേര്‍...! കാരണം വെളിപ്പെടുത്തി നായകന്‍ രോഹിത് ശര്‍മ