ന്യൂഡല്‍ഹി: ഐപിഎല്ലിന്‍റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ മത്സരത്തില്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് പുറത്തിരിക്കേണ്ടിവന്നേക്കും. വിന്‍ഡീസിനെതിരായ പരമ്പരയ്‌ക്കിടെയേറ്റ പരിക്കില്‍ നിന്നും പൂര്‍ണ മുക്തനാവാത്തതാണ് താരത്തിന് തിരിച്ചടിയായത്.
താരത്തിന്‍റെ തള്ളവിരലിനായിരുന്നു പരിക്കേറ്റിരുന്നത്. ഇതേതുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയും സൂര്യകുമാറിന് നഷ്‌ടമായിരുന്നു. നിലവില്‍ എൻസിഎയിൽ ഫിറ്റ്‌നസിനായുള്ള ശ്രമം നടത്തുന്ന സൂര്യകുമാര്‍, മുംബൈയുടെ ആദ്യ മത്സരത്തിനിറങ്ങാന്‍ സാധ്യതയില്ലെന്ന് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശമനുസരിച്ചാവും തുടര്‍ന്നുള്ള തീരുമാനമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
സീസണില്‍ പ്രധാന ബാറ്ററായി മുംബൈ നിലനിര്‍ത്തിയ താരമാണ് സൂര്യകുമാര്‍ യാദവ്. ഇക്കാരണത്താല്‍ ആദ്യമത്സരത്തില്‍ തന്നെ താരത്തെ ഇറക്കി പരിക്ക് ഗുരുതരമാക്കാന്‍ മുംബൈ ടീം മാനേജ്‌മെന്‍റും തയ്യാറായേക്കില്ലെന്നാണ് അനുമാനം.
also read: 'വിവാഹിതരാവുമ്പോള്‍ സ്ത്രീകള്‍ക്ക് പേരു നഷ്‌ടപ്പെടുന്നതെങ്ങനെ'; പേരുമാറ്റാനൊരുങ്ങി ഹാമില്‍ട്ടണ്‍
മാർച്ച് 27ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം നടക്കുക. തുടര്‍ന്ന് അഞ്ച് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ഏപ്രില്‍ രണ്ടിന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് രോഹിത്തും സംഘവും കളിക്കാനിറങ്ങുക. ഇതിനിടെ താരം പരിക്കില്‍ നിന്നും പൂര്‍ണ മുക്തനാവുകയാണെങ്കില്‍ ഈ മത്സരത്തില്‍ സൂര്യകുമാറിന് അവസരം ലഭിച്ചേക്കും.