സിഡ്‌നി: ക്രിക്കറ്റ് ലോകം ഏറെ വാഴ്‌ത്തിപ്പാടുന്ന പേരാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന്‍റേത്. മൈതാനത്തിന്‍റെ നാലുപാടും അനായാസം പന്തടിക്കുന്ന താരം ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററാണ്. ഇപ്പോഴിതാ സൂര്യയുടെ ബാറ്റിങ്ങിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ താരം ടോം മൂഡി.
സൂര്യയെ വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായാണ് മൂഡി താരതമ്യപ്പെടുത്തുന്നത്. "സൂര്യകുമാർ യാദവ്. അവൻ മികച്ച രീതിയില്‍ അനായാസകരമായാണ് കളിക്കുന്നത്. ഞാൻ ഒരു യുവ ക്രിക്കറ്ററായിരിക്കുമ്പോൾ, വിവിയൻ റിച്ചാർഡ്‌സിനെപ്പോലുള്ളവരുടെ കളികാണുന്നതാണ് അതെന്നെ ഓര്‍മ്മിപ്പിക്കുന്നത്.
ഒറ്റയ്‌ക്ക് മത്സരം നിയന്ത്രിക്കാനാവുന്ന താരങ്ങളാണവര്‍". 57കാരനായ മൂഡി ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച് കൂട്ടിയ താരമാണ് സൂര്യകുമാര്‍ യാദവ്. 2022-ൽ 31 ഇന്നിങ്‌സുകളില്‍ 1164 റണ്‍സാണ് സൂര്യ അടിച്ച് കൂട്ടിയത്.
ഈ വര്‍ഷവും തന്‍റെ മിന്നും ഫോം സൂര്യ തുടരുകയാണ്. അടുത്തിടെ അവസാനിച്ച ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സെഞ്ചുറി നേടിയും താരം തിളങ്ങിയിരുന്നു. സൂര്യയുടെ കരിയറിലെ മൂന്നാം ടി20 സെഞ്ചുറിയായിരുന്നിവിത്.
കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ നോട്ടിങ്‌ഹാമിലാണ് സൂര്യ തന്‍റെ കന്നി ടി20 സെഞ്ചുറി നേടുന്നത്. തുടര്‍ന്ന് നവംബറിൽ ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിനിടെയും താരം മൂന്നക്കം കടന്നിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ സെഞ്ചുറി പ്രകടനത്തോടെ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കിയ സൂര്യ 900 റേറ്റിങ് പോയിന്‍റ് പിന്നിട്ടിരുന്നു.
ടി20 റാങ്കിങ് ചരിത്രത്തില്‍ 900 റേറ്റിങ് പോയിന്‍റ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണ് സൂര്യ. ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാനും ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചും മാത്രമാണ് ഇതിന് മുന്നെ ഈ നാഴികകല്ല് പിന്നിട്ടത്.
ALSO READ: 'സര്‍ഫറാസ് ഖാന്‍ ഒരു ഇരയാണ്; ഇന്ത്യന്‍ ടീമിലെത്താന്‍ ഇനിയും അയാള്‍ എന്താണ് ചെയ്യേണ്ടത്'