ന്യൂഡല്‍ഹി: മോശം ഫോമില്‍ വലയുന്ന വിരാട് കോലിയെ സഹായിക്കാനാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. കോലിയുമായി സംസാരിക്കാന്‍ 20 മിനിട്ട് സമയം ലഭിച്ചിരുന്നെങ്കില്‍, ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാവുമായിരുന്നുവെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ് ഗവാസ്‌കറിന്‍റെ പ്രതികണം.
"എനിക്ക് 20 മിനിറ്റ് നേരമെങ്കിലും അവനോടൊപ്പം ലഭിച്ചിരുന്നെങ്കില്‍, തീര്‍ച്ചയായും ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് അവനോട് പറയാൻ കഴിയും. അത് അവനെ സഹായിച്ചേക്കാം. അവനെ സഹായിക്കുമെന്ന് ഞാൻ പറയുന്നില്ല, പക്ഷേ അതിന് കഴിയും.
പ്രത്യേകിച്ച് ആ ഓഫ്-സ്റ്റംപ് ലൈനിന്‍റെ കാര്യത്തില്‍. ഒരു ഓപ്പണിങ് ബാറ്ററെന്ന നിലയില്‍, ആ ലൈനിൽ പ്രയാസപ്പെടുന്നുണ്ടെങ്കില്‍ നിങ്ങൾ ചെയ്യാന്‍ ശ്രമിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവനോടൊപ്പം ഒരു 20 മിനിട്ടെങ്കിലും ലഭിച്ചിരുന്നെങ്കില്‍ അതേക്കുറിച്ച് പറയാന്‍ കഴിയും" ഗവാസ്‌കര്‍ പറഞ്ഞു.
"ആദ്യ തെറ്റ് അവസാനത്തതാവേണ്ടതുണ്ട്. എന്നാല്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാത്തതിനാലാണ് അവന്‍ എല്ലാ ബോളിലും കളിക്കാന്‍ ശ്രമിക്കുന്നത്. റണ്‍സ് നേടുകയെന്നതാണ് എല്ലാ ബാറ്റര്‍മാരുടെയും ലക്ഷ്യം. ഇതോടെ സാധാരണ കളിക്കാത്ത ഡെലിവറിയിലും നിങ്ങള്‍ കളിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ ഈ ടൂറില്‍ മികച്ച ഡെലിവറികളിലാണ് അവന്‍ പുറത്തായത്." ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
13 വര്‍ഷം നീണ്ട കരിയറിലെ ഏറ്റവും മോശം അവസ്ഥയിലാണ് കോലിയുള്ളത്. ഇന്ത്യയുടെ റണ്‍മെഷീനായിരുന്ന താരത്തിന്‍റെ അവസാന അന്താരാഷ്‌ട്ര സെഞ്ചുറി പിറന്നത് 2019 നവംബറിലാണ്. അടുത്തിടെ സമാപിച്ച ഇംഗ്ലണ്ട് പര്യടനത്തിലെ ആറ് ഇന്നിങ്‌സുകളില്‍ വെറും 76 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്.
റണ്‍വരള്‍ച്ച നേരുന്ന കോലിയെ ഇന്ത്യയുടെ ടി20 ടീമില്‍ നിന്നും പുറത്തിരുത്തണമെന്നാവശ്യപ്പെട്ട് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് അടുത്തിടെ രംഗത്തെത്തിയിരുന്നു. കോലിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഫോമിലുള്ള താരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് വിരേന്ദർ സെവാഗും ട്വീറ്റ് ചെയ്‌തിരുന്നു.
also read: Watch: ഇത് വോണിന്‍റെ 'നൂറ്റാണ്ടിന്‍റെ പന്ത്'; യാസിര്‍ ഷായുടെ പ്രകടനത്തില്‍ തലയില്‍ കൈവച്ച് ആരാധകര്‍