മുംബൈ: ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ നിരാശനെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നതായും ഗവാസ്‌കര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 74-കാരനായ ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.
വിരാട് കോലി സ്ഥാനം ഒഴിഞ്ഞതിന് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് രോഹിത് ശര്‍മ ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്റ്റനായി ചുമതല ഏല്‍ക്കുന്നത്. 36-കാരന് കീഴില്‍ സ്വന്തം മണ്ണില്‍ ഇന്ത്യയുടെ റെക്കോഡ് മികച്ചതാണെങ്കിലും, പ്രധാന ടൂർണമെന്‍റുകളിൽ വിജയം കണ്ടെത്താൻ ടീം പാടുപെടുകയാണ്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. കഴിഞ്ഞ മാസം ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോടും ഇന്ത്യ തോറ്റു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഗവാസ്‌കറുടെ വാക്കുകള്‍.
"ഞാൻ അവനിൽ നിന്ന് (രോഹിത് ശര്‍മ) കൂടുതൽ പ്രതീക്ഷിച്ചു. ഇന്ത്യയിൽ ഇത് വ്യത്യസ്തമാണ്, എന്നാൽ വിദേശത്ത് മികച്ച പ്രകടനം നടത്തുകയെന്നതാണ് യഥാര്‍ഥ പരീക്ഷണം. അവിടെയാണ് ഞാന്‍ ആല്‍പം നിരാശനാവുന്നത്.
ടി2 ഫോര്‍മാറ്റില്‍ പോലും അതിന് കഴിയുന്നില്ലെന്ന കാര്യമാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയിൽ നൂറുകണക്കിന് മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള താരമാണ് അവന്‍. ഐപിഎല്ലിലെ ഒരു പിടി മിന്നും താരങ്ങള്‍ കൂടെയുണ്ടായിട്ടും ഫൈനലിലെത്താൻ കഴിയാത്തത് തീര്‍ത്തും നിരാശാജനകമാണ്". സുനില്‍ ഗാവാസ്‌കര്‍ പറഞ്ഞു.
ഇന്ത്യൻ ടീമിന്‍റെ തോൽവിയുടെ പശ്ചാത്തലത്തിൽ ക്യാപ്റ്റന്‍റേയും ടീം മാനേജ്‌മെന്‍റിന്‍റേയും അവലോകനം നടന്നിരുന്നോയെന്നും ഗവാസ്‌കര്‍ ചോദിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയില്‍ രോഹിത്തിനോടും പരിശീലകന്‍ രാഹുൽ ദ്രാവിഡിനോടും മത്സരത്തിനിടെ എടുത്ത തീരുമാനങ്ങളെക്കുറിച്ച് ചോദിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"തീര്‍ച്ചയായും ക്യാപ്റ്റനോടും പരിശീലകനോടും മാനേജ്‌മെന്‍റ് ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. 'നിങ്ങൾ എന്തിനാണ് ആദ്യം ഫീൽഡ് ചെയ്തത്?'. ശരി, അതിനുള്ള ഉത്തരം അന്തരീക്ഷം മൂടിക്കെട്ടിയതുകൊണ്ടാണെന്ന് ടോസിന്‍റെ സമയത്ത് തന്നെ വിശദീകരിച്ചിരുന്നു. അതിനു ശേഷമുള്ള ചോദ്യം ഇതായിരിക്കണം,
'ഷോർട്ട് ബോളിനെതിരെ ട്രാവിസ് ഹെഡിന്‍റെ ദൗർബല്യത്തെക്കുറിച്ച് നിങ്ങൾക്കറിയില്ലേ?'. 'എന്തുകൊണ്ടാണ് 80 റൺസ് നേടിയതിന് ശേഷം മാത്രം ഹെഡിനെതിരെ ബൗൺസർ പ്രയോഗിച്ചത്'. നിങ്ങൾക്കറിയാമോ, ഹെഡ് ബാറ്റ് ചെയ്യാൻ വന്ന നിമിഷം, മുതല്‍ക്ക് കമന്‍ററി ബോക്‌സില്‍ ഞങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന റിക്കി പോണ്ടിങ് അവനെതിരെ ബൗണ്‍സര്‍ എറിയുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. എല്ലാവർക്കും അതിനെക്കുറിച്ച് അറിയാമായിരുന്നു, പക്ഷേ നമ്മള്‍ അതിന് ശ്രമിച്ചില്ല" സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു നിര്‍ത്തി.
അതേസമയം നിലവില്‍ രോഹിത്തിന് കീഴില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യനടത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഉള്‍പ്പെടെ 10 മത്സരങ്ങള്‍ അടങ്ങിയ ഓള്‍ ഫോര്‍മാറ്റ് പര്യടനമാണ് ഇന്ത്യ വിന്‍ഡീസില്‍ നടത്തുന്നത്. ടെസ്റ്റിലും ഏകദിനത്തിലും രോഹിത് നയിക്കുമ്പോള്‍ ടി20 പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴിലാണ് സന്ദര്‍ശകര്‍ കളിക്കുന്നത്.
ALSO READ: Ashes 2023 | എംഎസ് ധോണിയുടെ റെക്കോഡ് തകര്‍ന്നു; വമ്പന്‍ നേട്ടം സ്വന്തമാക്കി ബെന്‍ സ്റ്റോക്‌സ്