നായഗഡ് (ഒഡിഷ) : ചെറുപ്പത്തില്‍ ക്രിക്കറ്റ് കളിക്കാൻ പോയി മടങ്ങി വരുമ്പോൾ പ്രശാന്ത് റാണയ്‌ക്ക് ഉറപ്പായിരുന്നു അച്ഛന്‍റെ തല്ലുകിട്ടുമെന്ന്. കാരണം വീട്ടിലെ ദാരിദ്ര്യത്തിനിടയിലും കളിച്ചുനടക്കുന്ന മകനോട് അച്ഛൻ അതില്‍ കൂടുതല്‍ എന്തുചെയ്യാൻ. അന്നത്തെ അന്നത്തിനായി ജോലിക്ക് പോകുന്ന ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നു പ്രശാന്ത്.
പക്ഷേ ഒരു ക്രിക്കറ്റ് താരമാകണമെന്ന ആഗ്രഹം പ്രശാന്ത് എന്നും മനസില്‍ സൂക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം നാടായ മാധാപുരില്‍ നിന്ന് പ്രശാന്ത് കട്ടക്കിലേക്ക് മാറി. അവിടെ പ്ലംബറായി ജോലി ചെയ്തുകൊണ്ട് ക്രിക്കറ്റ് കളിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ പ്ലംബിങ് ജോലി, അതുകഴിഞ്ഞുള്ള സമയം ക്രിക്കറ്റ് പരിശീലനം.
കട്ടക്കിലെ യൂണിയൻ ക്ലബ്ബില്‍ കളിക്കാൻ അവസരം കിട്ടിയതോടെ പ്രശാന്തിന്‍റെ ജാതകം മാറി. അവിടെ നടത്തിയ മികച്ച പ്രകടനം സംസ്ഥാന ടീമിലേക്ക് വഴിയൊരുക്കി. ഇന്ന് ഒഡിഷ രഞ്ജി ടീമിലെ പ്രധാന പേസ് ബൗളറാണ് പ്രശാന്ത്. ദാരിദ്ര്യത്തിലും ക്രിക്കറ്റിനെ സ്‌നേഹിച്ച പ്രശാന്തിന് പിന്തുണയുമായി ഒഡിഷ ക്രിക്കറ്റ് അസോസിയേഷനുണ്ട്.
also read: 'കോലിയെ വെറുതെ വിടൂ'; മാധ്യമങ്ങളെ വിമര്‍ശിച്ച് രോഹിത്
ചെറുപ്പത്തില്‍ ക്രിക്കറ്റ് കളിക്കാൻ പോയതിന് തല്ലിയ അച്ഛൻ ഇന്ന് കയ്യടിക്കുകയാണ്. മകന്‍റെ വിജയത്തില്‍ സന്തോഷിക്കുകയാണ്. ജീവിതത്തില്‍ മുന്നേറണമെന്നുണ്ടെങ്കില്‍ വേണ്ടത് ശരിയായ കഠിനാധ്വാനമാണ്. ജയിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ്. അതാണ് ഒഡിഷ സ്വദേശിയായ പ്രശാന്ത് റാണയെന്ന ചെറുപ്പക്കാരനെ ഇപ്പോൾ തലക്കെട്ടുകളില്‍ എത്തിച്ചിരിക്കുന്നത്