നാഗ്‌പൂര്‍: ഇന്ത്യയേയും ഓസ്‌ട്രേലിയയേയും സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പര. അവസാന രണ്ട് തവണയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയായിരുന്നു ഇന്ത്യയുടെ മടക്കം. ഇതിന് പകരം വീട്ടി 2004ന് ശേഷം ഇന്ത്യയില്‍ മറ്റൊരു ടെസ്റ്റ് പരമ്പര നേടാനാണ് ഓസീസ് ലക്ഷ്യം വയ്‌ക്കുന്നത്.
ഇതോടെ കളിക്കളത്തില്‍ പോരുകനക്കുമെന്നുറപ്പ്. ഇപ്പോഴിതാ ഇന്ത്യന്‍ മണ്ണിലെ പരമ്പര വിജയത്തിന് ഓസ്‌ട്രേലിയ നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മുന്‍ നായകനും ഇപ്പോഴത്തെ ഉപനായകനുമായ സ്റ്റീവ് സ്‌മിത്ത്. ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര നേടാന്‍ കഴിഞ്ഞാല്‍ അത് ആഷസ് നേട്ടത്തേക്കാള്‍ വലുതാണെന്നാണ് സ്‌മിത്ത് പറയുന്നത്.
ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണെന്നും സ്‌മിത്ത് പറഞ്ഞു. "പരമ്പരയെ മാറ്റി നിര്‍ത്താം ഒരു ടെസ്റ്റ് മത്സരത്തില്‍ പോലും വിജയം നേടാന്‍ പ്രയാസമുള്ള സ്ഥലമാണ് ഇന്ത്യ. ഇന്ത്യയെ ജയിക്കാൻ കഴിഞ്ഞാൽ അത് ആഷസ് പരമ്പരയേക്കാൾ വലുതായിരിക്കുമെന്ന് ഞാൻ കരുതുന്നു" ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ട വീഡിയോയില്‍ സ്‌മിത്ത് പറഞ്ഞു.
വ്യാഴായ്‌ച നാഗ്‌പൂരിലാണ് നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുക. തുടര്‍ന്ന് ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് (മാര്‍ച്ച് 9-13) എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലുറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ പരമ്പര കൂടിയാണിത്.
പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസീസ് നേരത്തെ തന്നെ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലുറപ്പിച്ചിട്ടുണ്ട്. സ്‌പിന്നിനെ പിന്തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ പിച്ചുകള്‍ കനത്ത വെല്ലുവിളിയാകുമെന്ന വിലയിരുത്തലിലാണ് ഓസ്‌ട്രേലിയ. ഇതിന്‍റെ ഭാഗമായി സ്‌പിന്നിനെ നേരിടാന്‍ ഓസീസ് ബാറ്റര്‍മാര്‍ പ്രത്യേക പരിശീലനം നടത്തുന്നുണ്ട്.