കൊളംബോ: ഓസ്ട്രേലിയയിൽ ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ധനുഷ്‌ക ഗുണതിലകയെ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ആരോപിക്കപ്പെടുന്ന കുറ്റത്തെക്കുറിച്ച് ഉടൻ അന്വേഷണം നടത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളും. കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ കൂടുതല്‍ നടപടികളുണ്ടാവുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്‌താവനയില്‍ അറിയിച്ചു.
ഏതൊരു കളിക്കാരന്‍റെ ഭാഗത്ത് നിന്നായാലും മോശം പെരുമാറ്റങ്ങള്‍ ഒരു രീതിയിലും വച്ചുപൊറുപ്പിക്കില്ല. സംഭവത്തെക്കുറിച്ച് നിഷ്‌പക്ഷമായ അന്വേഷണം നടത്താൻ ഓസ്‌ട്രേലിയൻ നിയമപാലകർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് വ്യക്തമാക്കി.
അതേസമയം കേസില്‍ ജാമ്യം തേടി സിഡ്‌നി കോടതിയിൽ കൈവിലങ്ങോടെ ഗുണതിലക വീഡിയോ ലിങ്ക് വഴി ഹാജരായിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് റോബർട്ട് വില്യംസ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. ഞായറാഴ്‌ച (നവംബർ 6) പുലർച്ചെ സിഡ്‌നിയിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ ടീം ഹോട്ടലിൽ നിന്നാണ് ഗുണതിലകയെ അറസ്റ്റ് ചെയ്‌തത്.
ഓൺലൈൻ ഡേറ്റിങ് ആപ്ലിക്കേഷൻ വഴി പരിചയപ്പെട്ട 29കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പരാതിക്കാരിയായ യുവതിയും ഗുണതിലകയും റോസ് ബേയിലെ വസതിയിൽ വച്ച് കണ്ടുമുട്ടിയിരുന്നു. നവംബർ 2ന് വൈകിട്ട് താരം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.
ഇതിന് പിന്നാലെ കേസെടുത്ത പൊലീസ് റോസ് ബേയിലെ വീട്ടിൽ പ്രത്യേക പരിശോധന നടത്തി. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്ക് പിന്നാലെയാണ് ഗുണതിലകയെ അറസ്റ്റ് ചെയ്‌തതെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് പ്രസ്‌താവനയിൽ അറിയിച്ചു. സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് നാല് കേസുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
ടി20 ലോകകപ്പിൽ ആദ്യ റൗണ്ടിൽ തുടയ്ക്ക് പരിക്കേറ്റ ധനുഷ്‌ക ഗുണതിലക ടീമിൽ നിന്ന് പുറത്തായിരുന്നു. എന്നാല്‍ ഗുണതിലക ടീമിനൊപ്പം ഓസ്‌ട്രേലിയയിൽ തുടരുകയായിരുന്നു.
Also Read: T20 World Cup: 'മാറി നിന്നേ പറ്റൂ'; ബാബറിനെ ഉപദേശിച്ച് ഷാഹിദ് അഫ്രീദി