ധര്‍മശാല: ഏകദിന ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് 246 റൺസ് വിജയലക്ഷ്യം (South Africa Vs Netherlands Score Updates). ആദ്യം ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്‌സ് 43 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 245 റൺസാണ് നേടിയത്. അർധ സെഞ്ച്വറിയുമായി പൊരുതിയ നായകൻ സ്‌കോട്ട് എഡ്വേർഡ്‌സും അവസാന ഓവറുകളിൽ തകർത്തടിച്ച വാൻ ഡെർ മെർവുമാണ് ഡച്ച് ടീമിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്.
69 പന്തിൽ 78 റൺസ് നേടിയ സ്‌കോട്ട് എഡ്വേർഡ്‌സാണ് നെതർലൻഡ്‌സ് നിരയിലെ ടോപ് സ്‌കോറർ. 19 പന്തിൽ 29 റൺസ് നേടിയ വാൻ ഡെർ മെർവെ, ഒമ്പത് പന്തിൽ 23 റൺസെടുത്ത ആര്യൻ ദത്ത് എന്നിവരുടെ പ്രകടനവും നിർണായകമായി. മഴയെ തുടർന്ന് മത്സരം തുടങ്ങാൻ വൈകിയതോടെയാണ് മത്സരം 43 ഓവറാക്കി ചുരുക്കിയത്.
ടോസ് നഷ്‌ടമായി ആദ്യം ക്രീസിലെത്തിയ നെതര്‍ലന്‍ഡ്‌സിന് ബാറ്റിങ്ങിലും പിഴച്ചു. ടീം സ്കോര്‍ 22ല്‍ നില്‍ക്കെ ഓപ്പണര്‍ വിക്രംജിത് സിങ് (2) റബാഡയ്‌ക്ക് മുന്നിൽ വീണു. തൊട്ടുപിന്നാലെ 18 റണ്‍സെടുത്ത മാക്‌സ് ഓ ഡൗഡിനെ മാര്‍ക്കോ ജാന്‍സനും വീഴ്ത്തിയതോടെ നെതര്‍ലൻഡ്‌സ് പ്രതിരോധത്തിലായി. സ്കോര്‍ 50ലേക്ക് എത്തുന്നതിന് മുമ്പുതന്നെ 13 റൺസെടുത്ത കോളിന്‍ അക്കര്‍മാനും രണ്ട് റൺസുമായി ബാസ് ഡി ലീഡും മടങ്ങി. 19 റൺസുമായി സൈബ്രാൻഡ് എംഗൽബ്രെക്റ്റ് മടങ്ങുമ്പോൾ ടീം സ്‌കോർ 82 മാത്രമായിരുന്നു.
ഏഴാമനായി സ്‌കോട്ട് എഡ്വേർഡ്‌സ് ക്രീസിലെത്തിയതോടെ ഓറഞ്ചുപട മത്സരത്തിലേക്ക് തിരികെയെത്തി. ഒരുവശത്ത് വിക്കറ്റുകൾ വീണപ്പോഴും പൊരുതിയ നായകൻ 69 പന്തുകളില്‍ നിന്ന് 10 ഫോറുകളുടെയും ഒരു സിക്‌സിന്‍റെയും അകമ്പടിയോടെ 78 റണ്‍സുമായി പുറത്താവാതെ നിന്നു. എട്ടാം വിക്കറ്റിൽ വാൻ ഡെർ മെർവിനൊപ്പെം 64 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി. വാൻ ഡെർ മെർവ് മടങ്ങിയ ശേഷം പത്താമനായെത്തിയ ആര്യൻ ദത്ത് തകർത്തടിച്ചതോടെ ടീം സ്‌കോർ 245ൽ എത്തി. പ്രോട്ടീസിനായി ലുങ്കി എൻഗിഡി, കഗിസോ റബാഡ, മാർക്കോ ജാൻസൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍ (South Africa Playing XI): ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ടെംബ ബവുമ (ക്യാപ്‌റ്റൻ), റാസി വാൻ ഡെർ ഡസ്സെൻ, എയ്‌ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, ജെറാൾഡ് കോറ്റ്‌സി.
നെതര്‍ലന്‍ഡ്‌സ് പ്ലെയിങ് ഇലവന്‍ (Netherlands Playing XI): വിക്രംജിത് സിങ്, മാക്‌സ് ഒഡൗഡ്, കോളിൻ അക്കർമാൻ, ബാസ് ഡി ലീഡ്, തേജ നിദാമാനുരു, സ്‌കോട്ട് എഡ്വേർഡ്‌സ്( ക്യാപ്‌റ്റൻ, വിക്കറ്റ് കീപ്പർ), സൈബ്രാൻഡ് എംഗൽബ്രെക്റ്റ്, റോലോഫ് വാൻ ഡെർ മെർവെ, ലോഗൻ വാൻ ബീക്ക്, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.