ജൊഹാനസ്‌ബെര്‍ഗ് : ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് എതിരെ ദക്ഷിണാഫ്രിക്ക കുഞ്ഞന്‍ സ്‌കോറിന് പുറത്ത്. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയര്‍ 27.3 ഓവറില്‍ 116 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അര്‍ഷ്‌ദീപ് സിങ്ങും നാല് വിക്കറ്റുമായി ആവേശ് ഖാനുമാണ് പ്രോട്ടീസിനെ എറിഞ്ഞ് ഒതുക്കിയത്.
സമ്പൂര്‍ണ ദുരന്തമായ പ്രോട്ടീസ് നിരയില്‍ 7 താരങ്ങള്‍ക്ക് ഒരക്കം കടക്കാന്‍ കഴിഞ്ഞില്ല. 49 പന്തില്‍ 33 റണ്‍സെടുത്ത ആൻഡിലെ ഫെഹ്‌ലുക്‌വായോ ടീമിന്‍റെ ടോപ് സ്‌കോററായി. ടോണി ഡി സോര്‍സി (22 പന്തില്‍ 28), ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം (21 പന്തില്‍ 12), തബ്രൈസ് ഷംസി (8 പന്തില്‍ 11*) എന്നിവരാണ് രണ്ടക്കംതൊട്ട മറ്റ് താരങ്ങള്‍.
തുടക്കം തന്നെയേറ്റ തിരിച്ചടിയില്‍ നിന്നും പ്രോട്ടീസിന് ഒരിക്കല്‍ പോലും കരകയറാനായില്ല. സ്‌കോര്‍ ബോര്‍ഡില്‍ വെറും മൂന്ന് റണ്‍സ് മാത്രം നില്‍ക്കെ അര്‍ഷ്‌ദീപ് സിങ് രണ്ടാം ഓവറിന്‍റെ നാലാം പന്തില്‍ റീസ ഹെന്‍ട്രിക്‌സിന്‍റെ (8 പന്തില്‍ 0) കുറ്റിയിളക്കി. അഞ്ചാം പന്തില്‍ റാസി വാൻ ഡെർ ഡസ്സന്‍ (1 പന്തില്‍ 0) വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ പ്രോട്ടീസിന് തുടര്‍പ്രഹരം.
തുടര്‍ന്ന് ഒന്നിച്ച ടോണി ഡി സോര്‍സിയും ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രവും ടീമിനെ കരകയറ്റാനുള്ള ശ്രമം നടത്തി. പക്ഷേ, ടോണി ഡി സോര്‍സിയെ (22 പന്തില്‍ 28) വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെ കയ്യിലത്തിച്ച അര്‍ഷ്‌ദീപ് സന്ദര്‍ശകര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. 39 റണ്‍സായിരുന്നു ടോണിയും മാര്‍ക്രവും ചേര്‍ത്തത്.
പ്രോട്ടീസ് ഇന്നിങ്‌സിലെ തന്നെ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്. പിന്നീടെത്തിയ ഹെന്റിച്ച് ക്ലാസനില്‍ പ്രോട്ടീസിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അര്‍ഷ്‌ദീപിന്‍റെ പന്തില്‍ കുറ്റി തെറിച്ച് ക്ലാസന്‍ (9 പന്തില്‍ 6) മടങ്ങി. ഇതോടെ 9.6 ഓവറില്‍ നാലിന് 52 എന്ന നിലയിലേക്ക് പ്രോട്ടീസ് പ്രതിരോധത്തിലായി.
പിന്നാലെ 11-ാം ഓവറിന്‍റെ ആദ്യ പന്തില്‍ എയ്‌ഡന്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിക്കൊണ്ടാണ് ആവേശ് ഖാന്‍ തന്‍റെ വിക്കറ്റ് വേട്ട ആരംഭിച്ചത്. തൊട്ടടുത്ത പന്തില്‍ വിയാൻ മൾഡറെ (1 പന്തില്‍ 0) വിക്കറ്റിന് മുന്നില്‍ കുരുക്കിയ താരം ആവേശം കൂട്ടി. അധികം വൈകാതെ തന്നെ ഡേവിഡ് മില്ലറും (7 പന്തില്‍ 2), കേശവ് മഹാരാജും (7 പന്തില്‍ 4) ആവേശിന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ പ്രോട്ടീസ് 16.1 ഓവറില്‍ എട്ടിന് 73 എന്ന നിലയിലേക്ക് തകര്‍ന്നു.
ഒമ്പതാം വിക്കറ്റില്‍ നാന്ദ്രെ ബർഗര്‍ക്കൊപ്പം ആൻഡിലെ ഫെഹ്‌ലുക്‌വായോ 28 റണ്‍സ് ചേര്‍ത്തതോടെയാണ് ആതിഥേയര്‍ നൂറ് കടന്നത്. ആൻഡിലെ വീഴ്‌ത്തി അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയ അര്‍ഷ്‌ദീപാണ് കൂട്ടുകെട്ട് പൊളിച്ചത്. ഏകദിനത്തില്‍ അര്‍ഷ്‌ദീപിന്‍റെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണിത് (Arshdeep Singh ODI five wickets).
ALSO READ: രോഹിത്തിനായി ഡല്‍ഹിയുടെ നീക്കം ; നിരസിച്ച് മുംബൈ ഇന്ത്യന്‍സ് - റിപ്പോര്‍ട്ട്
പിന്നാലെ തന്നെ ബർഗറെ (32 പന്തില്‍ 7) ബൗള്‍ഡാക്കിയ കുല്‍ദീപ് യാദവ് പ്രോട്ടീസിന്‍റെ കഥ തീര്‍ത്തു. തബ്രൈസ് ഷംസി പുറത്താവാതെ നിന്നു. 10 ഓവറില്‍ 37 റണ്‍സിനാണ് അര്‍ഷ്‌ദീപ് അഞ്ച് വിക്കറ്റ് നേടിയത്. ആവേശ് ഖാന്‍ എട്ട് ഓവറില്‍ 27 റണ്‍സിനാണ് നാല് വിക്കറ്റ് വീഴ്‌ത്തിയത്.