ജോഹനാസ്ബെര്‍ഗ് : ദക്ഷിണാഫ്രിക്ക-ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് (South Africa vs India 1st ODI). ജോഹനാസ്ബെര്‍ഗിലെ വാന്‍ഡറേര്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. ലോകകപ്പ് ഫൈനല്‍ തോല്‍വിയ്‌ക്ക് ശേഷം ടീം ഇന്ത്യ കളിക്കാനിറങ്ങുന്ന ആദ്യ ഏകദിന മത്സരമാണിത്.
മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. കെഎല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യന്‍ യുവനിരയ്‌ക്ക് നേതൃത്വം നല്‍കുന്നത്. മലയാളി താരം സഞ്ജു സാംസണും ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ട്.
സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. ടി20യില്‍ തകര്‍പ്പന് ഫോമില്‍ കളിക്കുന്ന റിങ്കു സിങ് ഇന്ന് ഏകദിനത്തിലും അരങ്ങേറ്റം നടത്തിയേക്കുമെന്നുള്ള സൂചന നായകന്‍ കെഎല്‍ രാഹുല്‍ നല്‍കിയിട്ടുണ്ട്. റിങ്കുവിനൊപ്പം സായ് സുദര്‍ശനും സീനിയര്‍ ടീമില്‍ ആദ്യ രാജ്യാന്തര മത്സരത്തിന് അവസരമൊരുങ്ങിയേക്കും.
മറുവശത്ത് മുന്‍നിര ബൗളര്‍മാരായ കാഗിസോ റബാഡ, ആൻറിച്ച് നോര്‍ക്യ, ലുങ്കി എന്‍ഗിഡി എന്നിവരാരുമില്ലാതെയാണ് ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങുന്നത്. ബാറ്റിങ്ങില്‍ തന്നെയാകും അവരുടെ പ്രതീക്ഷകള്‍. ഡേവിഡ് മില്ലര്‍, റാസി വാന്‍ ഡെര്‍ ഡസ്സന്‍, ഹെൻറിച്ച് ക്ലാസന്‍ എന്നീ പ്രധാന താരങ്ങളെല്ലാം ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടായിരിക്കും.
പിച്ച് റിപ്പോര്‍ട്ട്: ജോഹനാസ്ബെര്‍ഗ് വാന്‍ഡറേര്‍സ് സ്റ്റേഡിയത്തിലെ വിക്കറ്റ് പൊതുവെ ബാറ്റര്‍മാരെയാണ് സഹായിക്കുന്നത്. അവസാനം ഇവിടെ നടന്ന് നാല് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും ആദ്യം ബാറ്റ് ചെയ്‌ത ടീം 300ന് മുകളില്‍ റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിലും കൂറ്റന്‍ സ്കോറാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസയമം, മഴ പെയ്യുന്ന സാഹചര്യമുണ്ടായാല്‍ പിച്ചില്‍ നിന്നും ബൗളര്‍മാര്‍ക്കും കാര്യമായ ആനുകൂല്യം ലഭിക്കും.
കാലാവസ്ഥ റിപ്പോര്‍ട്ട്: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ആദ്യം നടന്ന ടി20 പരമ്പരയില്‍ മഴ കാര്യമായ വെല്ലുവിളിയാണ് ഉയര്‍ത്തിയിരുന്നത്. ടി20 പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ രണ്ടാം മത്സരം ഓവര്‍ വെട്ടിച്ചുരുക്കിക്കൊണ്ടായിരുന്നു പൂര്‍ത്തിയാക്കിയത്. ഈ സാഹചര്യത്തില്‍ ഒന്നാം ഏകദിനത്തിനും മഴ തടസമാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
എന്നാല്‍, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. അന്തരീക്ഷം മേഘാവൃതമായി തുടരുമെങ്കിലും ഇന്ന് ജോഹനാസ്ബെര്‍ഗില്‍ മഴയ്‌ക്ക് സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരദിവസമായ ഇന്ന് മഴയ്‌ക്ക് ആറ് ശതമാനം മാത്രം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.
ഇന്ത്യ സാധ്യത ഇലവന്‍: റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ/സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍/വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിങ്, കുല്‍ദീപ് യാദവ്.
ദക്ഷിണാഫ്രിക്ക സാധ്യത ഇലവന്‍: റീസ ഹെന്‍ഡ്രിക്‌സ്, ടോണി ഡി സോർസി, എയ്‌ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡെര്‍ ഡസ്സന്‍, ഹെൻറിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, ആന്‍ഡിലെ ഫെഹ്‌ലുക്വായോ, കേശവ് മഹാരാജ്, നാന്ദ്രേ ബര്‍ഗര്‍/തബ്രയിസ് ഷംസി, ലിസാര്‍ഡ് വില്ല്യംസ്.
Also Read : 'അവനേക്കാള്‍ നൂറിരട്ടി വേദനിപ്പിക്കുന്നു'; രാഹുലിനെതിരായ ട്രോളുകളില്‍ സുനില്‍ ഷെട്ടി