ജൊഹാനസ്‌ബെര്‍ഗ് : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് അനായാസ വിജയം. ജൊഹാനസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് സന്ദര്‍ശകര്‍ ജയിച്ച് കയറിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസ് 27.3 ഓവറില്‍ 116 റണ്‍സിന് ഔട്ടായി. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 117 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശനും Sai sudharsan (43 പന്തില്‍ 55*), ശ്രേയസ് അയ്യരും Shreyas Iyer (45 പന്തില്‍ 52) നേടിയ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്‌ക്ക് സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സുള്ളപ്പോള്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ (10 പന്തില്‍ 5) നഷ്‌ടമായി. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച സായ് സുദര്‍ശനും ശ്രേയസും ചേര്‍ന്ന് 88 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. ലക്ഷ്യത്തിന് തൊട്ടടുത്തുവച്ച് ശ്രേയസ് മടങ്ങിയെങ്കിലും തിലക് വര്‍മയും (3 പന്തില്‍ 1*) സായ് സുദര്‍ശനും ചേര്‍ന്ന് ഇന്ത്യന്‍ വിജയം ഉറപ്പിച്ചു.
നേരത്തെ ആഞ്ഞ് വീശിയ ഇന്ത്യന്‍ പേസ് കൊടുങ്കാറ്റിന് മുന്നിലാണ് പ്രോട്ടീസ് തകര്‍ന്നടിഞ്ഞത്. അര്‍ഷ്‌ദീപ് സിങ് തല തകര്‍ത്തപ്പോള്‍ ആവേശ് ഖാനാണ് പ്രോട്ടീസിന്‍റെ നടുവൊടിച്ചത്. 49 പന്തില്‍ 33 റണ്‍സെടുത്ത ആൻഡിലെ ഫെഹ്‌ലുക്‌വായോ ആണ് പ്രോട്ടീസിന്‍റെ ടോപ് സ്‌കോററായത്. ടോണി ഡി സോര്‍സി (22 പന്തില്‍ 28), ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം (21 പന്തില്‍ 12), തബ്രൈസ് ഷംസി (8 പന്തില്‍ 11*) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍.
സ്‌കോര്‍ ബോര്‍ഡില്‍ വെറും മൂന്ന് റണ്‍സ് മാത്രം നില്‍ക്കെ പ്രോട്ടീസിന് രണ്ട് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. രണ്ടാം ഓവറിന്‍റെ നാലാം പന്തില്‍ റീസ ഹെന്‍ട്രിക്‌സിന്‍റെ (8 പന്തില്‍ 0) കുറ്റിയിളക്കിയ അര്‍ഷ്‌ദീപ് സിങ് തൊട്ടടുത്ത പന്തില്‍ റാസി വാൻ ഡെർ ഡസ്സനെ (1 പന്തില്‍ 0) വിക്കറ്റിന് മുന്നിലും കുരുക്കി. പിന്നീട് ഒന്നിച്ച ടോണി ഡി സോര്‍സിയും ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രവും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു.
എന്നാല്‍ ടോണി ഡി സോര്‍സിയെ (22 പന്തില്‍ 28) വീഴ്‌ത്തിയ അര്‍ഷ്‌ദീപ് തുടര്‍പ്രഹരം നല്‍കി. മൂന്നാം വിക്കറ്റില്‍ മാര്‍ക്രത്തിനൊപ്പം ടോണി ഡി സോര്‍സി ചേര്‍ത്ത 39 റണ്‍സാണ് പ്രോട്ടീസ് നിരയിലെ തന്നെ ഏറ്റവും വലിയ കൂട്ടുകെട്ട്. തുടര്‍ന്നെത്തിയ ഹെന്റിച്ച് ക്ലാസനെ (9 പന്തില്‍ 6) വന്നപാടെ തന്നെ അര്‍ഷ്‌ദീപ് തിരിച്ച് കയറ്റിയപ്പോള്‍ എയ്‌ഡന്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിക്കൊണ്ട് ആവേശ് ഖാനും ആവേശം കൂട്ടി.
വിയാൻ മൾഡര്‍ (1 പന്തില്‍ 0), ഡേവിഡ് മില്ലര്‍ (7 പന്തില്‍ 2), കേശവ് മഹാരാജ് (7 പന്തില്‍ 4) എന്നിവരും ആവേശിന് മുന്നില്‍ അടിയറവ് പറഞ്ഞു. ഒമ്പതാം വിക്കറ്റില്‍ നാന്ദ്രെ ബർഗര്‍ക്കൊപ്പം ആൻഡിലെ ഫെഹ്‌ലുക്‌വായോ 28 റണ്‍സ് ചേര്‍ത്തതോടെയാണ് പ്രോട്ടീസിന് മൂന്നക്കം തൊടാന്‍ കഴിഞ്ഞത്. ആൻഡിലെയെ വീഴ്‌ത്തി അര്‍ഷ്‌ദീപ് അഞ്ച് വിക്കറ്റ് നേട്ടം (Arshdeep Singh ODI five wickets) പൂര്‍ത്തിയാക്കിയപ്പോള്‍ പിന്നാലെ തന്നെ ബർഗറെ (32 പന്തില്‍ 7) ബൗള്‍ഡാക്കിയ കുല്‍ദീപ് യാദവ് പ്രോട്ടീസിന്‍റെ കഥ തീര്‍ത്തു.
ALSO READ: നഥാന്‍ ലിയോണ്‍ 500 വിക്കറ്റ് ക്ലബില്‍; പെര്‍ത്തില്‍ പാകിസ്ഥാനെ മുക്കി ഓസീസ്
തബ്രൈസ് ഷംസി പുറത്താവാതെ നിന്നു. 10 ഓവറില്‍ 37 റണ്‍സിനാണ് അര്‍ഷ്‌ദീപ് അഞ്ച് വിക്കറ്റ് നേടിയത്. ആവേശ് ഖാന്‍ എട്ട് ഓവറില്‍ 27 റണ്‍സിനാണ് നാല് വിക്കറ്റ് വീഴ്‌ത്തിയത്.