പോര്‍ട്ട്‌എലിസബത്ത് : ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്ക്. ദ്വിമത്സര പരമ്പര ഏകപക്ഷീയമായാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. രണ്ടാം മത്സരത്തില്‍ 332 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് പ്രോട്ടീസ് നേടിയത്.
ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ വിജയ ശില്‍പി. മത്സരത്തിന്‍റെ താരമായും പരമ്പരയുടെ താരമായും മഹാരാജ് തിരഞ്ഞെടുക്കപ്പെട്ടു. സെന്‍റ് ജോര്‍ജ്‌സ് ഓവലില്‍ നടന്ന മത്സരത്തില്‍ ആദ്യംബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയുടെ 453 റണ്‍സിന് മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 217 റണ്‍സിന് പുറത്തായിരുന്നു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സെടുത്ത് 413 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ബംഗ്ലാദേശിന് മുന്നില്‍വച്ചത്. ഇതിന് മറുപടിയായി മൂന്നിന് 27 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേശ് 80 റണ്‍സില്‍ അവസാനിച്ചു.
ലിറ്റണ്‍ ദാസാണ് (27) സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. ദാസിന് പുറമെ തമീം ഇഖ്ബാല്‍ (13), മെഹ്ദി ഹസന്‍ (20) എന്നിവരാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കണ്ട താരങ്ങള്‍. നാല് പേര്‍ പൂജ്യത്തിനാണ് തിരിച്ചുകയറിയത്.
also read: സാമ്പത്തിക പ്രതിസന്ധി : ഏഷ്യാ കപ്പ് ലങ്കയ്‌ക്ക് പുറത്തേക്കെന്ന് റിപ്പോര്‍ട്ട്
12 ഓവറില്‍ 40 റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റ് വീഴ്‌ത്തിയാണ് കേശവ് മഹാരാജ് ബംഗ്ലാദേശിന്‍റെ നട്ടെല്ലൊടിച്ചത്. സിമൺ ഹാർമർ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ 95 പന്തില്‍ 84 റണ്‍സെടുത്ത മഹാരാജാണ് പ്രോട്ടീസിന്‍റെ ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി സരേല്‍ എര്‍വീ (41) കെയ്ല്‍ വെറെയ്‌നെ( 39*) എന്നിവരാണ് തിളങ്ങിയത്.