ന്യൂഡല്‍ഹി: വിരാട് കോലി ഏഷ്യ കപ്പിലൂടെ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് ബിസിസിഐ അധ്യക്ഷനും ഇന്ത്യയുടെ മുന്‍ നായകനുമായ സൗരവ് ഗാംഗുലി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി തന്‍റെ പ്രതീക്ഷ പങ്കുവച്ചത്. നന്നായി പരിശീലനം നടത്താന്‍ കോലിയെ അനുവദിക്കുകയാണ് വേണ്ടതെന്നും ഗാംഗുലി പറഞ്ഞു.
"നന്നായി പരിശീലനം നടത്താനും മത്സരങ്ങള്‍ കളിക്കാനും കോലിയെ അനുവദിക്കുകയാണ് വേണ്ടത്. ഇന്ത്യയുടെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് അവന്‍. ടീമിനായി ധാരാളം റൺസ് നേടിയിട്ടുണ്ട്.
അവന്‍ ഒരു തിരിച്ചുവരവ് നടത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സെഞ്ച്വറി നേടുന്നതിലുപരിയായി ഏഷ്യ കപ്പിൽ അവന്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു", ഗാംഗുലി പറഞ്ഞു.
ഇന്ത്യയുടെ റണ്‍മെഷീനായിരുന്ന കോലി നിലവില്‍ തന്‍റെ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. കോലിയുടെ അവസാന അന്താരാഷ്‌ട്ര സെഞ്ച്വറി പിറന്നത് 2019 നവംബറിലാണ്. ഇതിന് ശേഷം 78 ഇന്നിങ്‌സുകള്‍ കളിച്ച താരത്തിന് മൂന്നക്കം തൊടാനായിട്ടില്ല.
അടുത്തിടെ സമാപിച്ച ഇംഗ്ലണ്ട് പര്യടനത്തിലെ ആറ് ഇന്നിങ്‌സുകളില്‍ വെറും 76 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. ഇതിന് പിന്നാലെ വിശ്രമം അനുവദിച്ച താരം നിലവില്‍ ഏഷ്യ കപ്പിന്‍റെ ഒരുക്കത്തിലാണ്. ഓഗസ്റ്റ് 27ന് യുഎഇയിലാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. 28ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുക.
also read:'എന്തും ചെയ്യാന്‍ തയ്യാര്‍' ; ഏഷ്യ കപ്പും ലോകകപ്പും നേടുക ലക്ഷ്യമെന്ന് വിരാട് കോലി