ലാഹോര്‍: ഏഷ്യ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നേര്‍ക്ക് നേരെത്തുന്ന ചിരവൈരികള്‍ ഒന്നില്‍ കൂടുതല്‍ തവണ ഏറ്റമുട്ടുന്ന രീതിയിലാണ് ഇത്തവണത്തെ ടൂര്‍ണമെന്‍റ് നടക്കുക. കഴിഞ്ഞ ടി20 ലോകകപ്പിലാണ് അവസാനമായി ഇന്ത്യയും പാകിസ്ഥാനും മുഖാമുഖമെത്തിയത്.
അന്ന് ബാബർ അസമിന്‍റെ നേതൃത്വത്തിലുള്ള പാക് സംഘം വിരാട് കോലി നയിച്ച ഇന്ത്യയെ കീഴടക്കിയിരുന്നു. ഇന്ത്യയ്‌ക്കെതിരെ ലോകകപ്പ് വേദിയില്‍ പാകിസ്ഥാന്‍റെ ആദ്യ വിജയം കൂടിയായിരുന്നു അത്. ഇതിന് മുന്നെ ഏകദിന, ടി20 ലോകകപ്പുകളില്‍ 12 തവണ പരസ്‌പരം മത്സരിച്ചപ്പോഴും പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു.
ഇപ്പോഴിതാ ഈ തുടര്‍തോല്‍വികളുടെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പാക് മധ്യനിര ബാറ്റര്‍ സൊഹൈബ് മഖ്‌സൂദ്. നേരത്തെ ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങളില്‍ പാക് ടീം അമിതമായി വികാര ഭരിതരായിരുന്നുവെന്നാണ് മഖ്‌സൂദ് പറയുന്നത്.
"ലോക കപ്പ് മത്സരങ്ങളിൽ ഇന്ത്യയ്‌ക്കെതിരെ പാക് ടീം സ്ഥിരമായി തോല്‍ക്കാന്‍ കാരണം അമിതമായി വികാര ഭരിതരാവുന്നതാണ്. എന്നാല്‍ സമീപകാലത്ത്, ഞങ്ങളുടെ ടീം ഇന്ത്യ-പാക് മത്സരങ്ങളെ സാധാരണ രീതിയിൽ കൈകാര്യം ചെയ്യാൻ തുടങ്ങി.അത് ഞങ്ങളുടെ പ്രകടനവും മെച്ചപ്പെടുത്തി." 35കാരനായ മഖ്‌സൂദിനെ ഉദ്ധരിച്ച് ക്രിക്കറ്റ് പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു.
പരിക്ക് വലച്ച താരത്തിന് കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക് ടീമിന്‍റെ ഭാഗമാവാന്‍ സാധിച്ചിരുന്നില്ല. പാകിസ്ഥാനായി 29 ഏകദിനങ്ങളില്‍ നിന്ന് 781 റണ്‍സും 26 ടി20കളില്‍ നിന്ന് 273 റണ്‍സും താരം നേടിയിട്ടുണ്ട്. അതേസമയം ഈ മാസം 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ യു.എ.ഇയിലാണ് ഏഷ്യ കപ്പ് ടൂര്‍ണമെന്‍റ് നടക്കുന്നത്. 28ാം തിയതി ദുബായിലാണ് ഇന്ത്യ പാക് മത്സരം നടക്കുന്നത്.