ദുബായ്: 2023 ജനുവരിയിലെ ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ത്യൻ ഓപ്പണർ ശുഭ്‌മാൻ ഗില്ലാണ് മികച്ച പുരുഷ താരം. വോട്ടെടുപ്പില്‍ ന്യൂസിലൻഡ് ഓപ്പണർ ഡെവൺ കോൺവേ, സഹതാരം മുഹമ്മദ് സിറാജ് എന്നിവരെയാണ് ഗില്‍ പിന്നിലാക്കിയത്.
ഇതോടെ വിരാട് കോലിക്ക് ശേഷം പ്രസ്‌തുത പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായും ഗില്‍ മാറി. 2022 ഒക്ടോബറിലായിരുന്നു കോലി പ്ലെയർ ഓഫ് ദ മന്ത് അവാർഡിന് അര്‍ഹനായത്. ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരായ ഏകദിനങ്ങളില്‍ റണ്ണടിച്ച് കൂട്ടിയ പ്രകടനമാണ് ഗില്ലിനെ പുരസ്‌കാര നേട്ടത്തിലെത്തിച്ചത്.
ജനുവരിയില്‍ ആകെ 567 റൺസാണ് ഗില്‍ അടിച്ച് കൂട്ടിയത്. മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെയായിരുന്നു 23കാരന്‍റെ റണ്‍വേട്ട. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ശുഭ്‌മാന്‍ ഗില്‍ റെക്കോഡിട്ടിരുന്നു. 149 പന്തിൽ പുറത്താവാതെ 208 റൺസാണ് താരം അടിച്ച് കൂട്ടിയത്.
ഇതോടെ ഏകദിന ഫോർമാറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ഗില്‍ മാറി. ഇംഗ്ലണ്ടിന്‍റെ ഗ്രേസ് സ്‌ക്രീവൻസാണ് മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം നേടിയത്. അണ്ടര്‍ 19 വനിത ലോകകപ്പിലെ മിന്നും പ്രകടനമാണ് 19കാരിക്ക് മുതല്‍ക്കൂട്ടായത്. ലോകകപ്പില്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ ഗ്രേസ് ടൂര്‍ണമെന്‍റിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.