അഹമ്മദാബാദ്: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളാണ് ഇന്ത്യയുടെ ശുഭ്‌മാന്‍ ഗില്‍, ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക് എന്നിവരുടേത്. തങ്ങളുടെ കരിയറില്‍ മികച്ച ഫോമിലാണ് ഇരു താരങ്ങളുമുള്ളത്. 23കാരനായ ശുഭ്‌മാന്‍ ഗില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തിളങ്ങുമ്പോള്‍ 24കാരനായ ബ്രൂക്ക് റെഡ് ബോള്‍ ക്രിക്കറ്റിലാണ് മികവ് തെളിയിക്കുന്നത്.
ഈ വര്‍ഷം ആദ്യം ശ്രീലങ്കയ്‌ക്കും ന്യൂസിലന്‍ഡിനുമെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ റണ്ണടിച്ച് കൂട്ടിയാണ് ഗില്‍ വരവറിയിച്ചത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടാനും ഗില്ലിന് കഴിഞ്ഞിരുന്നു. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 149 പന്തുകളില്‍ 208 റണ്‍സായിരുന്നു താരം അടിച്ചുകൂട്ടിയത്.
19 ഫോറുകളും ഒമ്പത് സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാവാനും ഗില്ലിനായി. മറുവശത്ത് ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ബ്രൂക്ക് നടത്തുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.
പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തോടെ ഫോര്‍മാറ്റിലെ ആദ്യ ഒമ്പത് ഇന്നിങ്‌സുകളില്‍ 800 റൺസ് പിന്നിടാനും ഇംഗ്ലീഷ് താരത്തിന് കഴിഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ 145 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റാര്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണിത്. ഇതോടെ ഇവരില്‍ ആരാവും ഭാവിയിലെ ബാറ്റിങ് സൂപ്പര്‍ സ്റ്റാര്‍ എന്ന ചോദ്യവും ക്രിക്കറ്റ് ലോകത്ത് ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.
ഇപ്പോഴിതാ ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌ന്‍. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചോദ്യോത്തരവേളയിലാണ് ഓസീസ് താരത്തിന്‍റെ പ്രതികരണം. ഹാരി ബ്രൂക്കാണ് ഭാവിയിലെ ബാറ്റിങ് സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ലബുഷെയ്‌ന്‍ പറയുന്നത്.
"ഹോ.. ജീസസ്, അത് ഹാരി ബ്രൂക്കാണ്. അവൻ ബാറ്റ് ചെയ്യുന്ന രീതി എനിക്ക് വളരെ ഇഷ്‌ടമാണ്. ഇതൊരു അണ്‍പോപ്പുലറായ ഉത്തരമായിരിക്കാം, പക്ഷേ..." മാര്‍നസ് ലബുഷെയ്‌ന്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലാണ് മാര്‍നസ് ലബുഷെയ്‌ന്‍ കളിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്ന് കളികള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. യഥാക്രമം നാഗ്‌പൂരിലും ഡല്‍ഹിയിലുമായി നടന്ന ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റാണ് ഓസ്‌ട്രേലിയ നേടിയത്.
നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിന്‍റേയും തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യ നേടിയത്. ഡല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനും സംഘം ജയിച്ച് കയറി. എന്നാല്‍ ഇന്‍ഡോറില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഓസീസ് മത്സരം പിടിച്ചത്.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും അവസരം ലഭിക്കാതിരുന്നു ശുഭ്‌മാന്‍ ഗില്‍ ഇന്‍ഡോര്‍ ടെസ്റ്റില്‍ കളിച്ചിരുന്നു. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മിന്നും ഫോം റെഡ് ബോളില്‍ പുലര്‍ത്താന്‍ ഗില്ലിന് കഴിഞ്ഞിരുന്നില്ല. കളിച്ച രണ്ട് ഇന്നിങ്‌സുകളില്‍ നിന്നും ആകെ 26 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാന്‍ കഴിഞ്ഞത്.
മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ താരം പുറത്തായ രീതിയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്‌തിരുന്നു. ഇതോടെ പരമ്പരയിലെ അവസാന മത്സരത്തില്‍ അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം നടത്തി വിമര്‍ശകര്‍ക്ക് മറുപടി നല്‍കാനാവും ഗില്ലിന്‍റെ ശ്രമം. വ്യാഴാഴ്‌ച അഹമ്മദാബാദിലാണ് നാലാം ടെസ്റ്റ് നടക്കുക. ലബുഷെയ്‌ന്‍റെ പ്രകടനത്തില്‍ ഓസീസിന് വമ്പന്‍ പ്രതീക്ഷയുണ്ട്.
ALSO READ: അഹമ്മദാബാദില്‍ ഗില്ലോ, രാഹുലോ ? ; പ്രവചനവുമായി റിക്കി പോണ്ടിങ്