മുംബൈ: ഏകദിന ലോകകപ്പില്‍ ( Cricket World Cup 2023) ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് (Shubman Gill) കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മത്സരത്തില്‍ നിന്നും ഗില്ലിന് പുറത്തിരിക്കേണ്ടി വന്നത്. ഈ വര്‍ഷം മിന്നും ഫോമിലുള്ള ഗില്ലിന്‍റെ അഭാവം ഇന്ത്യയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.
ഏകദിന ക്രിക്കറ്റില്‍ 72.35 ബാറ്റിങ് ശരാശരിയില്‍ 1,230 റണ്‍സാണ് താരം ഇതേവരെ അടിച്ച് കൂട്ടിയിട്ടുള്ളത്. താരത്തിന്‍റെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ആരാധകരുടെ കാത്തിരിപ്പ് നീളുമെന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്.
ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ അടുത്ത മത്സരത്തിലും ശുഭ്‌മാന്‍ ഗില്‍ കളിച്ചേക്കില്ല. ഡെങ്കിപ്പനിയില്‍ നിന്നും അതിവേഗം സുഖം പ്രാപിക്കുന്നുണ്ടെങ്കിലും അഫ്‌ഗാനിസ്ഥാനെതിരെ കളിക്കുന്ന കാര്യം സംശയമാണെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് (Shubman Gill likely to miss India vs Afghanistan match Cricket World Cup 2023).
ഒക്‌ടോബർ 11-ന് ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ- അഫ്‌ഗാനിസ്ഥാന്‍ India vs Afghanistan മത്സരം നടക്കുക. വിശ്രമത്തിനായി നാട്ടിലേക്ക് മടങ്ങാതെ ടീമിനൊപ്പം ശുഭ്‌മാന്‍ ഗില്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുമെന്നും വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുണ്ട്.
"ശുഭ്‌മാന്‍ ഗിൽ സുഖം പ്രാപിക്കുന്നുണ്ട് (Shubman Gill health Updates), അവന്‍ ടീമിനൊപ്പം ഡൽഹിയിലേക്ക് പോകും, അവിടെ ടീമിനൊപ്പമുണ്ടാവും. ഇതോടെ വിശ്രമത്തിനായി ചണ്ഡീഗഡിലേക്ക് പോകാൻ സാധ്യതയില്ല. പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് അവന്‍ കളിക്കളത്തിൽ തിരിച്ചെത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അഫ്‌ഗാനിസ്ഥാനെതിരെ കളിക്കുന്നത് മെഡിക്കല്‍ സംഘത്തിന്‍റെ റിപ്പോർട്ടിനെ ആശ്രയിച്ചിരിക്കും"- അദ്ദേഹം പറഞ്ഞു.
ഗില്ലിന്‍റെ അഭാവത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷനായിരുന്നു (Ishan Kishan) ഇന്ത്യയ്‌ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയത്. എന്നാല്‍ അക്കൗണ്ട് തുറക്കാന്‍ ഇഷാന് കഴിഞ്ഞിരുന്നില്ല. മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ഇഷാന്‍ കിഷനുള്‍പ്പെടെയുള്ളവര്‍ അക്കൗണ്ട് തുറക്കാതെയാണ് തിരിച്ച് കയറിയത്. തുടര്‍ന്ന് നാലാം വിക്കറ്റില്‍ വിരാട് കോലിയും കെഎല്‍ രാഹുലും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്.