അഹമ്മദാബാദ് : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്ക് പ്രശംസയുമായി മുന്‍ താരം ഷൊയ്ബ് അക്തര്‍ (Shoaib Akhtar Praised Rohit Sharma Batting). പാക് ബൗളിങ് നിരയെ നാണം കെടുത്തുന്ന പ്രകടനമാണ് അഹമ്മദാബാദില്‍ രോഹിത് ശര്‍മ കാഴ്‌ചവച്ചതെന്ന് അക്തര്‍ അഭിപ്രായപ്പെട്ടു. ഇന്നലെ (ഒക്‌ടോബര്‍ 14) പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ 63 പന്തില്‍ 86 റണ്‍സ് നേടിയാണ് പുറത്തായത്.
192 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്കായി ടി20 മോഡിലായിരുന്നു രോഹിത് ശര്‍മയുടെ ബാറ്റിങ്. ആറ് സിക്സും അത്ര തന്നെ ഫോറുകളും അടങ്ങിയതായിരുന്നു ഇന്ത്യന്‍ നായകന്‍റെ ഇന്നിങ്സ്. ഈ മത്സരത്തിലൂടെ ഏകദിന ക്രിക്കറ്റില്‍ 300 സിക്സറുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററെന്ന നേട്ടത്തിലേക്കും എത്താന്‍ രോഹിത് ശര്‍മയ്‌ക്ക് സാധിച്ചിരുന്നു.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായത് മാറ്റി നിര്‍ത്തിയാല്‍ പിന്നീടുള്ള രണ്ട് ഇന്നിങ്‌സിലും മിന്നും പ്രകടനമായിരുന്നു രോഹിത് നടത്തിയത്. അഫ്‌ഗാനെതിരെ സെഞ്ച്വറിയടിച്ച രോഹിത് മൂന്ന് മത്സരങ്ങളില്‍ നിന്നും ഇതുവരെ 217 റണ്‍സാണ് നേടിയത്.
ഇന്നലെ നടന്ന മത്സരത്തില്‍ പാകിസ്ഥാനുമേല്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്താന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നെന്ന് അക്തര്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അഭിപ്രായപ്പെട്ടു. ഇതിലൂടെയായിരുന്നു പാക് മുന്‍താരം രോഹിത് ശര്‍മയുടെ ബാറ്റിങ്ങിനെയും പ്രശംസിച്ചത്.
'വളരെ നിരാശാജനകമായ പ്രകടനമായിരുന്നു പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. പൂര്‍ണമായും പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചു. ശരിക്കുമൊരു വണ്‍മാന്‍ ആര്‍മിയാണ് രോഹിത് ശര്‍മ.
കഴിഞ്ഞ കുറച്ചുകാലങ്ങളായി അവന്‍ എവിടെയായിരുന്നു എന്നതിനെ കുറിച്ച് എനിക്കറിയില്ല. എന്നാല്‍, ഇപ്പോള്‍ അയാളൊരു വലിയ താരമാണ്. വ്യത്യസ്‌തങ്ങളായ ഷോട്ടുകളിലൂടെയാണ് രോഹിത് ഓരോ റണ്‍സും നേടുന്നത്. അയാളൊരു കംപ്ലീറ്റ് ബാറ്ററാണ്.
പാകിസ്ഥാന്‍ ബൗളിങ് ആക്രമണത്തെ നാണം കെടുത്തുന്ന തരത്തിലൊരു ഇന്നിങ്‌സായിരുന്നു രോഹിത് കളിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ അധികം റണ്‍സ് നേടാനാകാത്തതില്‍ ഇപ്പോള്‍ അയാള്‍ പകരം വീട്ടുകയാണ്. രോഹിത് വീണ്ടും ബാറ്റിങ്ങില്‍ താളം കണ്ടെത്തിയത് കാണുമ്പോള്‍ സന്തോഷമുണ്ട്. ഓരോ ബൗളര്‍മാരെയും ശരിയായ രീതിയിലാണ് രോഹിത് ശിക്ഷിച്ചത്' - അക്തര്‍ പറഞ്ഞു.
Also Read : Rohit Sharma ODI sixes റെക്കോഡ് രോഹിത് 'സിക്‌സർ' ശർമ, അന്താരാഷ്‌ട്ര ഏകദിനത്തില്‍ 300 സിക്‌സുകൾ
രോഹിത് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുടെ മികവില്‍ ഏഴ് വിക്കറ്റിനാണ് ടീം ഇന്ത്യ ജയം നേടിയത്. ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമായിരുന്നു അത്.