കറാച്ചി : ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പുകയുന്ന ക്യാപ്റ്റൻ വിവാദത്തിൽ അഭിപ്രായ പ്രകടനവുമായി പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദി. ക്രിക്കറ്റ് ബോർഡും താരങ്ങളും തമ്മിലുള്ള ആശയ വിനിമയത്തിൽ വ്യക്‌തത വരുത്തേണ്ടിയിരുന്നുവെന്നും, പ്രശ്‌നങ്ങൾ ബിസിസിഐക്ക് മാന്യമായി കൈകാര്യം ചെയ്യാമായിരുന്നുവെന്നുമാണ് അഫ്രീദിയുടെ അഭിപ്രായം.
'ഈ വിഷയം കുറച്ചുകൂടി മാന്യമായ രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു. ക്രിക്കറ്റ് ബോർഡിന് വളരെയധികം പ്രാധാന്യം നൽകുന്നയാളാണ് ഞാൻ. ഓരോ താരത്തെയും കുറിച്ചുള്ള പദ്ധതി സെലക്ഷൻ കമ്മിറ്റി കൃത്യമായി അറിയിക്കണം. അവർ തമ്മിലുള്ള ആശയ വിനിമയവും കൃത്യമായിരിക്കണം'. അഫ്രീദി പറഞ്ഞു.
ALSO READ: 'ഗാംഗുലി എരിതീയിൽ എണ്ണയൊഴിക്കുന്നു'; ക്യാപ്‌റ്റൻ വിവാദത്തിൽ വിമർശനവുമായി വെങ്സർക്കാർ
'ഇത്തരം കാര്യങ്ങൾ മുഖാമുഖമാണ് സംസാരിക്കേണ്ടത്. അതാണ് ഏറ്റവും ഉചിതം. അല്ലാതെ മാധ്യമങ്ങളിലൂടെയാണ് പറയുന്നതെങ്കിൽ സ്വാഭാവികമായും പ്രശ്‌നങ്ങൾ ഉടലെടുക്കും. അതിനാൽ ക്രിക്കറ്റ് ബോർഡും കളിക്കാരും തമ്മിൽ ഒരു കാരണവശാലും ആശയവിനിമയത്തിന്‍റെ കാര്യത്തിൽ അകൽച്ചയുണ്ടാകരുത്', അഫ്രീദി കൂട്ടിച്ചേർത്തു.